പോര്‍ബന്തര്‍(ഗുജറാത്ത്): നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും രാജ്യത്തുനിന്ന് ഭീകരവാദവും നക്സലിസവും തുടച്ചു നീക്കുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. പോര്‍ബന്തര്‍ ലോക്സഭാ മണ്ഡലത്തിലെ രാജ്കോട്ട് ജാംകന്ദോര്ണയില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ അതിനെ എതിര്‍ത്തു. ജമ്മുകശ്മീരില്‍ രക്തപ്പുഴ ഒഴുകാന്‍ കാരണമാകുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു കല്ലെറിയാന്‍ പോലും അവിടെ ആരും ധൈര്യപ്പെട്ടില്ല. രാജ്യത്ത് ഭീകരവാദവും നക്സലിസവും തുടച്ചുനീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുകയാണ്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാകിസ്ഥാനില്‍ നിന്ന് വന്ന് ആര്‍ക്കും ബോംബുസ്ഫോടനം നടത്താമെന്ന സ്ഥിതിയായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.
പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിക്കുമ്പോള്‍ രാജ്യം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. പത്തു വര്‍ഷത്തെ മോദി ഭരണത്തില്‍ ഇത് അഞ്ചാം സ്ഥാനത്തെത്തി. മോദി മൂന്നാമതും പ്രധാനമന്ത്രിയായാല്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് തീര്‍ത്ത കുഴികള്‍ അടയ്ക്കുകയായിരുന്നു. വരുന്ന അഞ്ചു വര്‍ഷങ്ങള്‍ വികസിത ഭാരതത്തിന് ശക്തമായ അടിത്തറ പാകാനുള്ളതാണെന്നും അമിത്ഷാ പറഞ്ഞു.
കഴിഞ്ഞ രണ്ടുതവണയും ഗുജറാത്തിലെ ജനത മോദിയെ പ്രധാനമന്ത്രിയാക്കാന്‍ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡ ലങ്ങളിലും ബിജെപിക്ക് വിജയം സമ്മാനിച്ചു. എന്നാല്‍, ഇത്തവണ ഒരുപടി കൂടി കടന്ന് വോട്ടെടുപ്പിനു മുമ്പ് തന്നെ സൂറത്തില്‍ വിജയം സമ്മാനിച്ചു.
സംസ്ഥാനത്തെ ബാക്കിയുള്ള 25 സീറ്റുകളിലും ബിജെപി ഹാട്രിക് വിജയം നേടും. താമരയ്ക്ക് നല്കുന്ന ഓരോ വോട്ടും നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: