ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി പദവിയില്‍ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യതീരുമാനമടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് രാജികത്ത് നല്‍കിയത്.
2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അധ്യക്ഷനായി ലവ്ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. സംഘടനാതലത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് രാജി. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്.
പി.സി.സിയുടെ നിര്‍ദേശങ്ങള്‍ ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വീറ്റോചെയ്യുന്നുവെന്ന് ഖാര്‍ഗെക്ക് എഴുതിയ കത്തില്‍ അര്‍വിന്ദര്‍ സിങ് ലവ്ലി ആരോപിച്ചു. ഡല്‍ഹിയില്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേയും ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേയും സ്ഥാനാര്‍ഥികള്‍ തീര്‍ത്തും അപരിചിതരാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു
ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ എതിര്‍പ്പും രാജിക്കു കാരണമായി .’ കോണ്‍ഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു” അരവിന്ദര്‍ സിങ് തന്റെ രാജിക്കത്തില്‍ കുറിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി കൂടുതല്‍ വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങള്‍ നിരത്തി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ഡല്‍ഹി മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു. ഇത് പ്രദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദര്‍ സിങ് ലവ്ലി കത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തെ സംരക്ഷിക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലവ്ലി കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: