സമുദായത്തിന്റെ ഉന്നമനത്തിനായി ജീവിതം നിസ്വാര്‍ത്ഥം സമര്‍പ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു ടി.കെ. മാധവന്. 1930 ഏപ്രില്‍ 27നു വെളുപ്പിന് തന്റെ കുടിലിനു തുല്യമായ വീട്ടില്‍ രക്തം തുപ്പിയാണ് ആ കര്‍മ്മയോഗി അന്തരിച്ചത്. അതിനു തലേന്ന് നിരവധി സന്ദര്‍ശകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പല തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തെ തേടിയെത്തിയവര്‍. തീരെ അവശനായി, രോഗബാധിതനായിട്ടും അദ്ദേഹം അവരോടെല്ലാം സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചു. എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞപ്പോള്‍ രാത്രി വൈകിയിരുന്നു. അന്നു രാത്രിയും രക്തം ഛര്‍ദ്ദിച്ചു. ഭാര്യ നാരായണിയുടെയും മക്കളായ രുക്മിണി, രേവതി എന്നിവരുടെ മുന്നിലാണ് അദ്ദേഹം തന്റെ പ്രാണന് വെടിഞ്ഞത്. ഇന്ന് ടി.കെ. മാധവനെ ആരും ഓര്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ ചരമദിനത്തില്‍ ആരും സ്മരിച്ചില്ല.
അക്കാലത്തെ തിരുവിതാംകൂറിലെ, സമ്പത്തുകൊണ്ടും സാമൂഹിക അംഗീകാരം കൊണ്ടും പ്രസിദ്ധമായ ആലുംമൂട്ടില്‍ കേശവന് ചാന്നാരുടെയും കോമലേഴത്ത് ഉണ്ണിയമ്മയുടെയും മകനായി ജനിച്ച ടി.കെ.മാധവന് തനിക്കു ലഭിച്ച അളവറ്റ സമ്പത്ത് മുഴുവനായി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രതിഫലച്ഛയില്ലാതെ ദാനം ചെയ്തു. 1885ല്‍ ജനിച്ച് 1930ല്‍ 45-ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. ശ്രീനാരായണഗുരുദേവ സന്ദേശത്തെ സമൂഹത്തിന്റെ താഴെതട്ടുമുതല്‍ ജനമനസ്സുകളില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചു. എസ്എന്‍ഡിപി യോഗത്തില്‍ ഇന്നുകാണുന്ന സംഘടനാ സംവിധാനം അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ്.
1915മുതല്‍ 1930വരെ രാജ്യത്തുണ്ടായ എല്ലാ സാമൂഹ്യ മാറ്റങ്ങളുടെയും ചുക്കാന്‍ അദ്ദേഹത്തിനായിരുന്നു. അക്കാലത്ത് ദേശീയ നേതാക്കളുടെ ശ്രദ്ധേയമായ നിലയിലേക്ക് അദ്ദേഹം വളര്‍ന്നു. ഗാന്ധിജിയുടെ ദേശീയ സമരങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ ടി.കെ. മാധവന് ജീവാത്മാവും പരമാത്മാവുമായി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ സമരമാണ് ഗാന്ധിജിക്കും കോണ്‍ഗ്രസ്സിനും പുതുജീവന്‍ നല്‍കിയത്. അന്നത്തെ കോണ്ഗ്രസ്സുകാര് ഇതു മറന്നാലും ചരിത്രത്തിന് അതുമറക്കാനാകില്ലല്ലോ.
തിരുവിതാംകൂര്‍ പ്രജയില്‍ നിന്നും പൗരനിലേക്കുള്ള മാറ്റത്തിന് തിരികൊളുത്തിയ പൗരസമത്വസമരത്തിന്റെ മുന്നണിപ്പോരാളിയായി നിന്ന് അദ്ദേഹം നേതൃത്വം നല്കി. മഹാരാജാവിന് മെമ്മോറാണ്ടം നല്കിയ സംഘത്തിന്റെ നേതാവ് ടി.കെ.മാധവനായിരുന്നു. ഒരേ സമയം സാമൂഹ്യ മുന്നേറ്റ സമരനായകന് എന്നതുകൂടാതെ അക്കാലത്ത് കൂപമണ്ഡൂകമായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനതയെ ദേശീയ സമരത്തിലേക്ക് ആനയിച്ച അദ്ദേഹത്തിന്റെ സംഭാവന ആര്‍ക്കും മറക്കാന്‍ കഴിയില്ല.
ഇക്കാലത്ത് അന്യം നിന്നുപോയ ഒരു നേതൃത്വ പരമ്പരയിലെ കണ്ണിയായി അദ്ദേഹത്തിന്റെ നാമം നിലകൊള്ളും. ടി.കെ.മാധവന്റെ അകാലമൃത്യു പ്രമുഖ ചരിത്രകാരന് പി. കെ.ബാലകൃഷ്ണന്റെ വാക്കുകളില്‍, ‘അനുതാപത്തിന്റെ ഒരു പ്രവാഹം തന്നെയുണ്ടായി. ഇത്രമേല്‍ സമ്മിശ്രമായ ഒരു പ്രത്യാഘാതം മറ്റൊരു മരണവും സമീപകാലത്ത് ഉണ്ടാക്കിയിട്ടില്ല’-എന്നായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സമുദായ സംഘടനകളുടെയും അനിഷേധ്യ നേതാക്കളെല്ലാം തങ്ങളുടെ പ്രബലനായ സുഹൃത്തും സഹപ്രവര്‍ത്തകനും പിരിഞ്ഞുപോയെന്നു വിലപിച്ചു.
നായരീഴവ സമുദായങ്ങളുടെ രാഷ്ട്രീയ സഖ്യത്തിന്റെ പ്രതീകമായ ടി.കെ. മാധവനെ ഓര്‍ത്ത് അവരെല്ലാം വേദനിച്ചു. പ്രകോപനങ്ങള്‍ക്കിടയിലും എതിര്‍പ്പുകള്‍ക്കിടയിലും ഹൈന്ദവ സനാതനതത്വത്തെ പുലര്‍ത്താന്‍ ശ്രമിച്ച ധീരനായ അദ്ദേഹത്തിന്റെ വേര്‍പാടിനെ ഓര്‍ത്ത് സനാതനഹിന്ദുക്കള്‍ വിലപിച്ചു. ദൈവഭക്തിയേക്കാള്‍ ഗാന്ധി ഭക്തിയും കലര്‍പ്പില്ലാത്ത ദേശീയ വിശ്വാസങ്ങളുമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണമായി കണ്ട് അനുതപിച്ചു. ടി.കെ. മാധവനെപ്പോലെ ഒരു നേതാവ് ഇനിയൊരിക്കലും ഒരു സമുദായത്തിലും ഉണ്ടാകില്ലെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇന്നത്തെ സമകാലിക ജീവിതത്തില്‍ ദേശാഭിമാനി ടി.കെ. മാധവന് അപ്രസക്തനാണെങ്കിലും ചരിത്രം അദ്ദേഹത്തെ ഒരിക്കലും മറക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: