തൃശ്ശൂര്‍: കേന്ദ്രമന്ത്രിയാകുന്ന കാര്യം തന്റെ പരിധിയില്‍ വരുന്നതല്ലെന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. നല്ല എംപി ആകണമെന്നാണ് ആഗ്രഹം. ജനങ്ങള്‍ അനുഹിച്ചാല് എം പി ആകും. അടുത്ത രണ്ടു കൊല്ലമെങ്കിലും സിനിമയില്‍ തുടരണമെന്നുമുണ്ട്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട് ജയിച്ചാല്‍ തൃശ്ശൂരിന് മാത്രമല്ല കേരളത്തിനു വേണ്ടിയും പലതും ചെയ്യാനുണ്ട്.
അഞ്ചു കേന്ദ്രമന്ത്രിമാരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്ന് മുന്‍പ് ജയിച്ചു പോയവര്‍ പലരും കഴിയാവുന്ന കാര്യങ്ങള്‍ പോലും ചെയ്തു കൊടുത്തില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതി പോലും അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ എംപിമാര്‍ പരാജയപ്പെട്ടു. ജലജീവന്‍ മിഷന് കൃത്യമായി നടപ്പാക്കിയിരുന്നുവെങ്കില്‍ നാട്ടില്‍ കുടിവെള്ളക്ഷാമം ഉണ്ടാകുമായിരുന്നില്ല. സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
എംപി ആയാല്‍ തന്നെ മികച്ച പ്രവര്‍ത്തനം ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ട്. മന്ത്രിയാകണമെന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ ശുഭാപ്തി വിശ്വാസം ഉണ്ട്. വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
മണിക്കൂറുകളോളം വരിനിന്നവര്‍ക്ക് ഇരിക്കാന്‍ കസേരയോ കുടിക്കാന്‍ വെള്ളമോ പോലും നല്‍കിയില്ല. ഇത് വീഴ്ചയാണ്. ഇത്തരം കാര്യങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പരിഹരിക്കണം. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വോട്ടര്‍മാര്‍ക്ക് നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: