മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍ നിന്ന് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്ന ആരോപണവുമായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) അവഗണന അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ പ്രചാരണ സമിതിയില്‍ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ചു.
മഹാരാഷ്‌ട്രയിലെ 48 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പക്ഷേ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ സഖ്യം തയ്യാറായില്ല. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ എങ്കിലും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് മുസ്ലീം സംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും കരുതിയെന്നും ഖാര്‍ഗെയ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലൂടെയല്ല കോണ്‍ഗ്രസ് ഇന്ന് സഞ്ചരിക്കുന്നത്. എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നോട് ചോദിക്കുന്നതെന്നും ആരിഫ് പറഞ്ഞു.
17 സീറ്റിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മത്സരിക്കാനായി മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റ് ആരിഫ് നസീം ഖാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. പാര്‍ട്ടി സിറ്റി യൂണിറ്റ് പ്രസിഡന്റ് വര്‍ഷ ഗെയ്ത്വാതിനെയാണ് പകരം മത്സരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: