ന്യൂഡൽഹി; ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 78-കാരിയായ വയോധിക വോട്ട് ചെയ്യാൻ സ്ട്രെച്ചറിൽ പോളിംഗ് ബൂത്തിലെത്തി. കഴിഞ്ഞ ദിവസമാണ് രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കലാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അടുത്തിരിക്കെയാണ് ചുമയും ശ്വാസതടസവും മൂലം വയോധിക ആശുപത്രിയിൽ ചികിത്സ തേടുന്നത്.
എന്നാൽ അവശതയിലും രാജ്യത്തെ പൗരന്റെ കർത്തവ്യം നിറവേറ്റണമെന്ന ആഗ്രഹം കലാവതിയിലുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ന് പോളിംഗ് ബൂത്തിലേക്ക് സ്ട്രെച്ചറിലാണ് കലാവതി എത്തിയത്. കലാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇവരുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 80 ശതമാനം മാത്രമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. സാധാരണ ഗതിയിൽ 95 അല്ലെങ്കിൽ അതിൽ കൂടുതലോ വേണ്ടതാണിത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ കലാവതിയ്‌ക്ക് ന്യുമോണിയ സ്ഥിരീകരിച്ചു.
ഓക്സിജൻ തെറാപ്പി, ആന്റിവൈറൽ മരുന്നുകൾ, ശുശ്രൂഷ എന്നിവയിലൂടെ കലാവതിയുടെ ആരോഗ്യനില പതിയെ മെച്ചപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇവർ വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നാലെ ജനാധിപത്യ സംവിധാനത്തിൽ പങ്കാളിയാകാനുള്ള കലാവതിയുടെ ആഗ്രഹത്തെ പിന്തുണച്ച് മെഡിക്കൽ സംഘവും രംഗത്തെത്തി. ഇതോടെയാണ് സ്ട്രെച്ചറിൽ നഴ്സിന്റെ സഹായത്തോടെ ജയനഗർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: