പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പതിമൂന്ന് സംസ്ഥാനങ്ങളിലെ എണ്‍പത്തിയെട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുന്നു. കേരളത്തിനു പുറമെ കര്‍ണാടക, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം, ബിഹാര്‍, ബംഗാള്‍, ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രാത്രി വൈകിയും പോളിങ് ശതമാനം കൃത്യമായി ലഭിച്ചില്ല. ദേശീയതലത്തില്‍ എഴുപത് ശതമാനത്തിന് അടുത്തെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട സമയപരിധി കഴിഞ്ഞശേഷവും വോട്ടു രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിര കേരളത്തില്‍ കാണാമായിരുന്നു. ഇതിനൊരു കാരണം കൊടുംചൂടായിരിക്കാം. ഉച്ചതിരിഞ്ഞ് വെയിലാറിയശേഷം വോട്ടു ചെയ്യാമെന്ന് വലിയൊരു വിഭാഗമാളുകള്‍ തീരുമാനിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. രണ്ടാംഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളുടെ എണ്ണം 88 ലേക്ക് ചുരുങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങല്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്, വയനാട്ടില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, തൃശൂരില്‍ സുരേഷ് ഗോപി, മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി നേതാക്കളായ ഹേമമാലിനി, അരുണ്‍ ഗോവില്‍, ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള, തേജസ്വി സൂര്യ, കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, രാഹുല്‍ ഗാന്ധി തുടങ്ങിയവരും ജനവിധി തേടിയെന്ന പ്രത്യേകതയും രണ്ടാം ഘട്ടത്തിനുണ്ട്.
ബിജെപിക്കും പ്രതിപക്ഷത്തിനും വളരെ നിര്‍ണായകമാണ് രണ്ടാംഘട്ടം. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും കര്‍ണാടകയിലെ ആകെയുള്ള 28 ല്‍ 25 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇതിനു കാരണം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 25 സീറ്റ് ബിജെപി നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്രയും ലോക്സഭാ സീറ്റ് നേടുകയെന്നതായിരുന്നു ബിജെപി നേരിട്ട വെല്ലുവിളി. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഇതില്‍നിന്ന് കൂടുതല്‍ ജയിക്കാനുള്ള തീവ്രശ്രമമാണ് ബിജെപി നടത്തിയത്. ഈ മണ്ഡലങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്ന് അറിയാമെങ്കിലും വന്‍ അവകാശവാദങ്ങളുന്നയിച്ച് പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യിക്കാനാണ് പ്രതിപക്ഷം നോക്കിയത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വളരെ ആസൂത്രിതമായ കുപ്രചാരണം കെട്ടഴിച്ചുവിട്ടിരുന്നു. ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു ഇത്. മോദി സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ പല പാര്‍ട്ടികളുടെയും അണികള്‍ക്ക് വോട്ടുചെയ്യാന്‍ താല്‍പ്പര്യമില്ല എന്നതാണ് സത്യം. ഇക്കാരണത്താല്‍ കഴിഞ്ഞ തവണത്തെ സീറ്റു നിലനിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന് കഴിയണമെന്നില്ല. ഈ പരിഭ്രാന്തി മറച്ചുപിടിക്കാനാണ് തങ്ങള്‍ നേടാന്‍ പോകുന്ന ജയത്തെ സംബന്ധിച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ആ പാര്‍ട്ടി ഉന്നയിച്ചത്.
മറ്റു പല സംസ്ഥാനങ്ങളെ അപക്ഷിച്ച് മണ്ഡലങ്ങളുടെ എണ്ണം കുറവാണെങ്കിലും അത്യന്തം വാശിയേറിയ മത്സരമാണ് കേരളത്തില്‍ നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് കേരളത്തില്‍നിന്നാണ്. ഇത് നിലനിര്‍ത്തേണ്ടത് ആ പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇടതുപക്ഷത്തിന് ഭരണമുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. ഇവിടെ അവര്‍ക്ക് എത്ര സീറ്റു ലഭിക്കുമെന്ന് കണ്ടറിയണം. അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വികാരം സിപിഎമ്മിന്റെയും ഇടതുമുന്നണി ഘടകകക്ഷികളുടെയും അണികളില്‍ പ്രകടമാണ്. ഇത് ജനവിധിയില്‍ എങ്ങനെയൊക്കെയാണ് പ്രതിഫലിക്കാന്‍ പോകുന്നതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. ഒരു കാര്യം ഉറപ്പാണ്. ഇടതുമുന്നണിക്ക് കനത്ത നിരാശയായിരിക്കും ജനവിധി നല്‍കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ അനുഭാവമാണ് ജനങ്ങള്‍ക്ക് ബിജെപിയോടുള്ളത്. ഇത് ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. അഴിമതിക്കെതിരെ മോദി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ശരാശരി മലയാളികളുടെ പിന്തുണയുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെയും മറ്റും അഴിമതികള്‍ ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ദേശീയതലത്തില്‍ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ കേരളത്തില്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പിന്റെ കാപട്യം വോട്ടര്‍മാര്‍ ഇക്കുറി നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജനവിധിയുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഇത് ശക്തമായ ഒരു ഘടകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: