ന്യൂദല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കേസന്വേഷണം ജൂണ്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇനി സമയം നീട്ടിനല്‍കില്ല. ജൂലൈ 15ന് ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി.
മൂന്നര വര്‍ഷത്തിലധികമായി അന്വേഷണം നടത്തിയിട്ടും തനിക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി സമയം നീട്ടി നല്‍കരുതെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. അവസാന അവസരമായാണ് ജൂണ്‍ 30 വരെ സമയം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെന്നും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ജൂണ്‍ 30നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി കെ. പ്രശാന്തിന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: