അഞ്ചുസെന്റും അതില്‍ 1200 സ്ക്വയര്‍ഫീറ്റ് ഉള്ള 8 വര്‍ഷം പഴക്കമുള്ള ഒരു വീടു വിലയ്ക്ക് വാങ്ങി താമസം തുടങ്ങി. കുടുംബത്തില്‍ മൂന്നു പെണ്‍കുട്ടികളാണ്. ഒരു കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു. മറ്റു രണ്ടുകുട്ടികളുടെ കല്ല്യാണത്തിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ ചെയ്താലും, പലതും മുടങ്ങിപ്പോകുന്നു. കൂടാതെ ഗൃഹനാഥന്റെ ബിസിനസ്സിലും വളരെയധികം നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. വാസ്തുശാസ്ത്രസംബന്ധമായി അറിവുള്ള ഒരാള്‍ വീടു പരിശോധിച്ച് വീടിനു പലവിധ ദോഷങ്ങളും ഉണ്ടെന്നും പ്രധാനമായി എന്റെ വീടിന്റെ കിണര്‍ കിടക്കുന്നതു തെക്കുകിഴക്ക് ഭാഗത്താണെന്നും (അഗ്നികോണിലാണെന്നും) ഇതു നികത്തണ മെന്നും പറയുന്നു. വെള്ളത്തിന് വേറെ വഴിയില്ല. ഇതിനെന്തെങ്കിലും
പോംവഴിയുണ്ടോ?
തെക്കുകിഴക്ക് ഭാഗത്ത് അഗ്നികോണില്‍ കിണര്‍ വരുന്നത് കുടുംബത്തിലെ സ്ത്രീകളെ സാരമായി ബാധിക്കും. കൂടാതെ ബിസിനസ്സു ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ്സിനു കോട്ടം സംഭവിക്കും. വീട്ടില്‍ എന്നും ദുരിതങ്ങളായിരിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ ഗൃഹത്തില്‍ ഉണ്ടാകും. ആയതിനാല്‍ ഈ സ്ഥാനത്തു കിണര്‍ വരാന്‍ പാടില്ലാത്തതാണ്. വെള്ളം കിട്ടാന്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ വീടും കിണറുമായി മതില് കെട്ടി വേര്‍തിരിക്കുക മാത്രമേ പോംവഴിയുള്ളൂ.
വീടിനുനേരേ പുതിയതായി ഒരു ക്ഷേത്രം പണിഞ്ഞ് പൂജ ആരംഭിച്ചു. വീടും ക്ഷേത്രവുമായി ഇരുന്നൂറു മീറ്റര്‍ അകലമേ ഉള്ളൂ. വീടിനും ക്ഷേത്രത്തിനും ഇടയ്ക്ക് ഒരു പൊതുവഴിയുണ്ട്. വീട് പടിഞ്ഞാറു ദര്‍ശനവും ക്ഷേത്രം കിഴക്കുദര്‍ശനവുമാണ്. ഇതിനു ദോഷമുണ്ടോ? ഉണ്ടെങ്കില്‍ പരിഹാരം എന്താണ്?
വീട് പണിത് വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ ക്ഷേത്രം പണിതിരിക്കുന്നത്. വീടിനും ക്ഷേത്രത്തിനുമിടയ്ക്കു പൊതുവഴിയുള്ളത് ആശ്വാസകരമാണ്. അനുഭവത്തില്‍ എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടെങ്കില്‍ വീടിന്റെ പൂമുഖവാതിലിനു മാറ്റം വരുത്തേണ്ട താണ്. വീടിന്റെ മുന്‍വശത്തു മുള നട്ടു വളര്‍ത്തുക. മനോഹരമായ കുറ്റിച്ചെടികളും പൂക്കളും നട്ടുവളര്‍ത്തുക. കഴിയുന്നതും ക്ഷേത്ര ത്തിനുനേരേയുള്ള ഗേറ്റു മാറ്റേണ്ടതാണ്.
മൂന്നു സെന്റിലുള്ളൊരു വീട്. വീടിന്റെ ചുമരാണ് ഇരുവശവും അതിരുകള്‍. പിറകുവശം ഒരു സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പാണ്. മുന്‍വശം അഞ്ചടി സ്ഥലം മാത്രമേയുള്ളൂ. വീടിനു നാലുവര്‍ഷത്തെ പഴക്കമുണ്ട്. വീടിന്റെ അടുക്കള പടിഞ്ഞാറുമധ്യഭാഗത്താണ് ഇരി ക്കുന്നത്. വടക്കുകിഴക്കുഭാഗത്തു ബിസിനസ്സ് സംബന്ധമായ സാധനങ്ങള്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന മുറിയാണ്. സിറ്റൗട്ട് തെക്കുകിഴക്ക് ഭാഗത്താണ്. ബിസിനസ്സ് സംബന്ധമായിട്ടാണ് പട്ടണത്തില്‍ വന്ന് സ്ഥലം വാങ്ങി വീടുപണിഞ്ഞത്. വീട്ടില്‍ താമസമായശേഷം ബിസിനസ്സ് ആകെ തകര്‍ന്നു. വീടിനു വ്യക്തമായ വാസ്തുദോഷമുണ്ടെന്നു പറയുന്നു. പരിഹാരം നിര്‍ദേശിക്കാമോ?
ഈ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് വാസ്തു ദോഷം സംഭവിച്ച വീട് ആണെന്ന് ഇതെന്നു തീരുമാനിക്കാം. വീടിന് അവശ്യം വേണ്ട ഊര്‍ജം കിട്ടാനിടയില്ല. സ്ഥാനം തെറ്റിയുള്ള മുറികളാണു വീട്ടില്‍ ഉള്ളത്. മൂന്നു സെന്റ് സ്ഥലത്ത് വീടു പണിഞ്ഞിരുന്നാലും നാലുചുറ്റും ഒരാളിനു നടന്ന് പോകത്തക്കവിധത്തില്‍ സ്ഥലം വിടുകയും ചുറ്റും മതില് നിര്‍മിക്കുകയും വേണം. എങ്കില്‍ മാത്രമേ വീടിന് ഒരു വാസ്തു മണ്ഡലം ഉണ്ടാകുകയുള്ളൂ. ഒരു പഞ്ചശിരസ്സു സ്ഥാപിച്ച് അത്യാവശ്യം വേണ്ട മാറ്റങ്ങള്‍ വീട്ടില്‍ ചെയ്തു പുനഃക്രമീകരിക്കുന്നത് ഉചിതമായിരിക്കും.
പുതിയതായി ഒരു വീടു പണിത്, മുറ്റത്തു ലാന്‍ഡ്സ്കേപ്പ് ചെയ്ത് പുല്ലുവച്ച് പിടിപ്പിച്ചു. വടക്കുകിഴക്കുഭാഗം ഉയരത്തിലാണു ചെയ്തിട്ടുള്ളത്. ഇതു ശരിയാണോ? കിണറിന്റെ സ്ഥാനം നിര്‍ദേശിക്കാമോ?
ലാന്‍ഡ്സ്കേപ്പ് ചെയ്യുമ്പോള്‍ വടക്ക് കിഴക്കേ മൂലഭാഗം ഉയര്‍ത്തരുത്. ആ ഭാഗം അല്‍പ്പമങ്കിലും താഴ്ന്നുതന്നെ ഇരിക്കണം. എന്നാല്‍ തെക്ക് പടിഞ്ഞാറേ മൂല ഭാഗം ഉയര്‍ത്തുന്നത് നല്ലതാണ്. കിണറിന് സ്ഥാനം വടക്കുകിഴക്കേ മൂല ഭാഗമായ മീനം രാശി ഉത്തമമാണ്.
മുപ്പത്തിയഞ്ചുവര്‍ഷം പഴക്കമുള്ള ഓടിട്ടൊരു വീട്. അതിന്റെ ഉത്തരങ്ങളും തട്ടുമെല്ലാം ജീര്‍ണിച്ച നിലയിലാണ്. അവയെല്ലാം മാറ്റിയിട്ടു ചുമരുകള്‍ ബലപ്പെടുത്തി വാര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. വാസ്തുപരമായി എന്തെങ്കിലും കാര്യങ്ങള്‍ നോക്കേണ്ടതായുണ്ടോ?
മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ളതും ആരൂഢക്കണക്കിലുമുള്ള വീടാണെന്നും മനസ്സിലാക്കുന്നു. മേല്‍ക്കൂര വിധിപ്രകാരം പൊളിച്ചു മാറ്റി വീടിന്റെ അകത്തെ അളവുകളും പുറം ചുറ്റളവുകളും ഒരു വാസ്തുപണ്ഡിതന്റെ നിര്‍ദേശപ്രകാരം ക്രമീകരിക്കുകയും ചെയ്താല്‍ വാര്ക്കുന്നതില് തെറ്റില്ല
പുതിയൊരു വീടു പണിയുവാന്‍ പോവുകയാണ്. പണിയുന്ന വീടിന്റെ തെക്കും കിഴക്കും റോഡുണ്ട്. ഏതു ദിക്കിലേക്ക് ദര്‍ശനം വരത്തക്കവിധത്തിലാണ് പണിയേണ്ടത്. അടുക്കളയ്ക്ക് ഏറ്റവും ഉത്തമമായ സ്ഥാനം ഏതാണ്?
വീടിന്റെ ദര്‍ശനം മഹാദിക്കുകളായ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും വരുന്നതു നല്ലതുതന്നെയാണ്. നിങ്ങളുടെ വീടിന് കിഴക്കോ തെക്കോ എടുക്കുന്നതില്‍ തെറ്റില്ല. കിഴക്കും വടക്കും മറ്റു രണ്ട് ഭാഗത്തേക്കാള്‍ കൂടുതല്‍ സ്ഥലം വിട്ടു പണിയുവാന്‍ ശ്രദ്ധിക്കുക. അടുക്കളയ്ക്ക് ഉത്തമമായ സ്ഥാനം തെക്ക് കിഴക്കായ അഗ്നികോണ് തന്നെയാണ്. അതിന് എന്തെങ്കിലും തടസ്സമു ണ്ടെങ്കില് വടക്കുകിഴക്ക് ഭാഗത്തോ വടക്കുപടിഞ്ഞാറ് ഭാഗത്തോ വരുന്നതില്‍ തെറ്റില്ല. ഒരു കാരണവശാലും തെക്കുപടിഞ്ഞാറു ഭാഗത്ത് അടുക്കള കൊടുക്കരുത്.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: