Categories: Samskriti

ജാതകത്തിലെ ചൊവ്വാദോഷം: ഫലവും അനുഭവയാഥാര്‍ത്ഥ്യവും

Published by

ജാതകത്തില്‍ ചൊവ്വാദോഷത്തിന്റെ സൂചനകളുള്ള യുവതീയുവാക്കളും അവരുടെ രക്ഷിതാക്കളും (വിവാഹിതരും) അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങള്‍ക്കുള്ള ശാശ്വതപരിഹാരം മരീചിക പോലെ എല്ലാവരെയും നിരാശപ്പെടുത്തുന്നു. മോഹിപ്പിക്കുന്ന പരിഹാരനിര്‍ദ്ദേശങ്ങളിലും ഉപദേശങ്ങളിലും മനസ്സു കേന്ദ്രികരിച്ച് നെടുവീര്‍പ്പുമായി, ഒന്നിനുപിറകേ ഒന്നായി ദോഷത്തിന്റെ നിഴല്‍ വീണവര്‍ പരക്കം പായുന്നു. ജാതകത്തില്‍ സൂചന നല്‍കുന്ന യാതനകളുടെ നൈരന്തര്യം അങ്ങനെ നേരിട്ടറിഞ്ഞ് അനുഭവിക്കുന്നു.

കാലരൂപന്റെ ശിരസ്സായ മേടംരാശിയുടെ അധിപനാകുന്നു ചൊവ്വ. ആധിപത്യമുള്ള മറ്റൊരു രാശി വൃശ്ചികം. മേടത്തിന്റെ ദാതാവ് ചന്ദ്രനാണെങ്കില്‍ വൃശ്ചികത്തിന്റെ ദാതാവ് സൂര്യനാകുന്നു. രാശിഗുണ ധര്‍മ്മങ്ങള്‍ പരസ്പര വിരുദ്ധം. മേടത്തില്‍ സൂര്യന് ഉച്ചം ശനിക്ക് നീചം. വൃശ്ചികത്തില്‍ ചന്ദ്രനു നീചം. മേടം രാത്രി രാശി. വൃശ്ചികം പകല്‍ രാശി. ഒന്നു ഓജം മറ്റൊന്ന് യുഗ്മം. ഭൂമിപുത്രനായ ചൊവ്വയ്‌ക്ക് അംഗാരകന്‍ (ശരീരത്തെ പീഡിപ്പിക്കുന്നവന്‍) ലോഹിതാംഗന്‍ (ചുവന്ന ശരീരമുള്ളവന്‍ ),ക്രൂരന്‍, ക്രൂരദൃക്, രുധിരന്‍ എന്നൊക്കെ പര്യായങ്ങളുണ്ട്. നരസിംഹം, ശക്തി, സുബ്രഹ്മണ്യന്‍ , ദേവി, ഭദ്രകാളി, ഗണപതി തുടങ്ങിയ ദേവഗണങ്ങളുടെ ശക്തിചൈതന്യങ്ങള്‍ ചൊവ്വയില്‍ ലീനമായിട്ടുണ്ട്. മംഗലന്‍ എന്ന പേരു സവിവേശഷ ശ്രദ്ധയാകര്‍ഷിക്കുന്നു. .അഗ്‌നിയുടെ എല്ലാ പര്യായങ്ങളും ചൊവ്വക്കു ചേരുമെങ്കിലും മംഗലന്‍ എന്ന പേരു സ്വത്ത്വത്തിന്റെ തീക്ഷ്ണത മാത്രമല്ല ശുഭത്തെയും സൂചിപ്പിക്കുന്നു. അതേ ചൊവ്വ ശുഭസ്ഥാനങ്ങളില്‍ നിന്നാല്‍ അവനെക്കാള്‍ ശുഭന്‍ മറ്റാരാണ്? വീരശൂരപരാക്രമി. സര്‍വ്വസൈന്യാധിപന്‍. ധനം, കീര്‍ത്തി, അക്ഷീണമായ പ്രവര്‍ത്തനോര്‍ജ്ജം (അഗ്നിയെപ്പോലെ) അപ്രതിരോധ്യമായ ധൈര്യം, ആകര്‍ഷകമായ ശരീരഘടന അതോടൊപ്പമുള്ള വ്യക്തിത്വം ഇവയെല്ലാം മംഗലന്‍ പ്രദാനം ചെയ്യും. ചുരുക്കത്തില്‍ മനുഷ്യന്റെ സുഖദുഃഖങ്ങളുടെയും ശക്തിസൗന്ദര്യങ്ങളുടെയും പുണ്യപാപങ്ങളുടെയും ആകെത്തുകയുടെ പ്രതിനിധിയാണു ചൊവ്വ എന്നു പറയാം

പൊരുത്തശോധനയിലെ അപാകങ്ങള്‍

ലഗ്നമാണു ജാതകത്തിലെ പരമപ്രധാനമായ ഭാവം. മറ്റെല്ലാ ഭാവങ്ങളും ലഗ്നശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. ലഗ്നത്തില്‍ പിഴവു പറ്റിയാല്‍ മറ്റുഭാവങ്ങളെല്ലാം വികലമാകുന്നു. അത്തരം വൈകല്യങ്ങള്‍ കടന്നു കൂടിയാല്‍ അത് ആരുടെയും ജാതകമല്ലാതാകുന്നു. വര്‍ഷം, മാസം, തീയതി, സമയം, സ്ഥലം ഇവ കൃത്യമായി സംശയനിവൃത്തി വരത്തക്കവിധം രേഖപ്പെടുത്തുന്ന ജാതകങ്ങള്‍ വിരളം. ഇവയെല്ലാം കൃത്യമായാലേ ലഗ്നനിര്‍ണയം സൂക്ഷ്മമാകുകയുളളു. ഭാവസ്ഫുടം കുറ്റമറ്റതാണെന്നു ബോധ്യമായാല്‍ ചൊവ്വയുടെ സ്ഥിതി പാപസ്ഥാനത്താണോ എന്നു പരിശോധിക്കുന്നു. സ്ത്രീ പുരുഷ ജാതകങ്ങളില്‍ ചൊവ്വയുടെ സ്ഥാനം ഒരുപോലെയും മറ്റു പാപഗ്രഹങ്ങള്‍ക്കു സ്ഥിതി സാമ്യവുമുണ്ടെങ്കില്‍ പാപസാമ്യം ഉത്തമമെന്നു വിധിയെഴുതാം.

പാപ സ്ഥാനങ്ങളില്‍ ചൊവ്വ നിന്നാലും ജാതകര്‍ ചൊവ്വാദോഷത്തില്‍ നിന്നു ഭാഗികമോ പൂര്‍ണമോ ആയി മുക്തമാകുമെന്നു പറയപ്പെടുന്ന ഒഴിവുകളെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. നിര്‍ദ്ദിഷ്ട പാപസ്ഥാനങ്ങളില്‍ ചൊവ്വ നില്‍ക്കുന്ന ജാതകങ്ങളില്‍ ഒഴിവുകളുടെ സാധ്യതയും മാനദണ്ഡവും അവയുടെ പരിമിതികളും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളില്‍ വിശകലനം ചെയ്ത് ഫലപ്രദമാണെന്നു സ്ഥിരീകരിക്കാതെ പൂര്‍ണമായും പാപത്വത്തില്‍ നിന്നും മുക്തമാക്കി നിര്‍ണയിക്കുന്ന പൊരുത്തശോധനാ രീതി വര്‍ദ്ധിച്ചു വരുന്നു.

അത്തരം സാഹസങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ദമ്പതിമാര്‍ പരിഹാരമന്വേഷിച്ച് പരക്കം പായുന്നു. വിവാഹിതരായി, മൂന്നു മുതല്‍ മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ സമീപിച്ചവരില്‍ ഉള്‍പ്പെടുന്നു. മഹാ പണ്ഡിതന്മാരുടെ പോലും ഉള്ളുലയുന്ന സന്ദര്‍ഭം. ജാതകം സൂക്ഷ്മ പരിശോധന നടത്തി പാപസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയുടെ പാപതീവ്രത ജാതകനെ ഏതെല്ലാം തരത്തില്‍ സ്വാധീനിക്കുന്നുവെന്നും ഗുണദോഷശക്തി എത്രത്തോളം ബാധിക്കന്നുവെന്നും ക്ഷേത്രഗണിത സൂത്രവാക്യം പോലെ ഗ്രഹിക്കാന്‍ കഴിഞ്ഞാലേ മറ്റു ജാതകവുമായി ദോഷം സമരസപ്പെടുന്നതിന്റെ തോത് എത്രത്തോളമെന്ന് സ്പഷ്ടമാകുകയുളളു. ജാതകത്തില്‍ 7/8 ഭാവങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദോഷ പ്രസരണ ശക്തി പോലും എത്രത്തോളമുണ്ടെന്നു പരിഗണിക്കാതെ ഒഴിവില്‍ സമ്പൂര്‍ണ പാപമോചനം വകയിരുത്തി പാപസാമ്യം ഉത്തമമാക്കി മാംഗല്യത്തിനു ശുപാര്‍ശ ചെയ്യുന്ന രീതി അല്പം കടന്ന കൈയ്യാണെന്നു പറയാതിരിക്കാന്‍ വയ്യ. വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ഈ പ്രവണതയ്‌ക്കു പഴയതു പുതിയത് എന്നുള്ള വേര്‍തിരിവൊന്നുമില്ല. അറുപതു കഴിഞ്ഞ മദ്ധ്യവയസ്‌കയും മുപ്പതു തികയാത്ത യുവതിയും വെളിപ്പെടുത്തിയ അനുഭവം തുല്യം.

ചൊവ്വ പാപ സ്ഥാനങ്ങളില്‍ ലഗ്നാലും ചന്ദ്രാലും ശുക്രാലും നില്‍ക്കുന്നതു പരിഗണനാ വിഷയമാണെങ്കിലും ലഗ്നാലുള്ള സ്ഥിതിക്കാണ് പ്രഥമ പരിഗണന. പാപ മൂല്യത്തിനും വ്യത്യാസമുണ്ട്. അവയില്‍ത്തന്നെ ഏഴിലും എട്ടിലും നില്ക്കുന്നവയ്‌ക്കു സവിശേഷശ്രദ്ധ നല്‍കേണ്ടതാണെന്നും ഉദ്‌ഘോഷിക്കുന്നു. ജാതകത്തില്‍ മറ്റു ഗ്രഹങ്ങളുടെ ഭാവസ്ഥിതി നിഷ്‌കൃഷ്ടമായി അപഗ്രഥിച്ചു നോക്കിയാല്‍ ചൊവ്വ പാപസ്ഥാനങ്ങളില്‍ എവിടെ നിന്നാലും പാപ തീവ്രത കുറച്ചു കാണേണ്ടതില്ലെന്നു കാണാന്‍ കഴിയും. പാപസ്ഥാനം ഏതായാലും അവിടെ നില്‍ക്കുന്ന ചൊവ്വ മറ്റു ഭാവങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുമ്പോള്‍ ഫലാനുഭവങ്ങള്‍ അപ്പാടെ മാറി മറിയുന്നു. ഇവിടെയാണ് ഒഴിവിന്റെ ആനുകൂല്യത്തിനു നേരെ സംശയത്തിന്റെ നിഴല്‍ നീളുന്നത്.

സ്വക്ഷേത്രം, മൂലത്രികോണീഉച്ചം നീചം ബന്ധുക്ഷേത്രം (തല്‍ക്കാല ബന്ധുകള്‍ക്കും മൗഢ്യത്തിലും വക്രത്തിലും നില്‍ക്കുന്നവര്‍ക്കും കൂടി പരിഗണന നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.) ചന്ദ്ര ശുക്രാദി ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയെ തരം പോലെ പാപഗണത്തില്‍ നിന്നും ഒഴിവാക്കുന്നു. അന്‍പതു വര്‍ഷത്തിനപ്പുറം വരെയുളള വിവാഹിതരുടെ ജാതകത്തിലെ ചൊവ്വയുടെ സ്ഥിതി പരിശോധിച്ചപ്പോള്‍ ഒഴിവിനു കൊട്ടിഘോഷിക്കുന്ന നിലയില്‍ യാതൊരു പ്രസക്തിയുമില്ലെന്നു ബോധ്യമായി. ഏതു ശാസ്ത്രവും അനുഭവങ്ങളുടെ മൂശയില്‍ വച്ച് ശുദ്ധി ചെയ്‌തെടുത്താലേ പ്രയോഗിക തലത്തില്‍ പൂര്‍ണത നേടൂ. പാലില്‍ കലക്കി സേവിക്കുന്നതു തങ്കക്കട്ടിയല്ല; തങ്കഭസ്മമാണ്.
(തുടരും)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by