ബ്രൈറ്റണ്: പ്രീമിയര്‍ ലീഗ് അവസാനത്തോടടുക്കുമ്പോള്‍ കൂടുതല്‍ ആവേശത്തിലേക്ക്. ഇന്നലത്തെ മത്സരത്തില്‍ ബ്രൈറ്റണിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ പോയിന്റ് നേട്ടം ഒന്നാമതുള്ള ആഴ്സണലിന്റെ 77ന് തൊട്ടുപിന്നിലെത്തി. 76 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.
മികച്ചൊരു ഹെഡ്ഡറിലൂടെ കെവിന് ഡിബ്രൂയിനെ ആണ് സിറ്റിക്കായി ഇന്നലെ ഗോളടി തുടങ്ങിവച്ചത്. കളിക്ക് 17 മിനിറ്റുള്ളപ്പോഴായിരുന്നു ഈ ആദ്യ ഗോള്‍ ബ്രൈറ്റന് വലയില്‍ നിക്ഷേപിക്കപ്പെട്ടത്. ആദ്യ പകുതി തീരും മുമ്പേ രണ്ട് ഗോളുകള്‍ കൂടി സിറ്റി നേടി. സൂപ്പര്‍ താരം ഫില്‍ ഫോഡന്റെ ഇരട്ട ഗോളോടെയാണ് സിറ്റി ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്നത്. 26, 34 മിനിറ്റുകളിലായിരുന്നു ഫോഡന്റെ ഗോളുകള്‍.
രണ്ടാം പകുതിയില്‍ പുരോഗമിച്ച കളിയില്‍ അര്‍ജന്റീന സ്ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസ് ആണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്. കളിക്ക് 62 മിനിറ്റെത്തിയപ്പോഴായിരുന്നു സിറ്റിയുടെ ഗോള്‍.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ കളത്തിലിറങ്ങും. ആഴ്സണലിനും സിറ്റിക്കുമൊപ്പം നില്ക്കുന്ന പ്രകടനവുമായാണ് ലിവറിന്റെയും മുന്നേറ്റം. 74 പോയിന്റോടെയാണ് ടീം മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന കളിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ലിവര്‍പൂളിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: