Categories: Kottayam

മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ചാഴികാടനു മാത്രം ജില്ലയില്‍ വോട്ട്, പ്രമുഖരും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി

Published by

കോട്ടയം: ജില്ലയിലെ മിക്കവാറും പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലും ബിജെപി നേതാവ് പി.സി ജോര്‍ജ് ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് ചെയ്തു. മന്ത്രി വി.എന്‍.വാസവന്‍ പാമ്പാടി എം.ജി.എം സ്‌കൂളിലും ജോസ് കെ മാണി എംപി പാലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചീഫ് വിപ്പ് എന്‍. ജയരാജ് ചമ്പക്കര ശാരദ വിദ്യാമന്ദിറിലും വോട്ടുരേഖപ്പെടുത്തി.
ചലച്ചിത്രതാരം മിയ കണ്ണാടിയുറമ്പ് സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് വോട്ട് ചെയ്തത്. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ആണ്ടൂര്‍ ഗവണ്‍മെന്റ് എല്‍പി എസിലും ചലച്ചിത്രതാരം ബാബു നമ്പൂതിരി മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപിഎസിലും ചലച്ചിത്രതാരം രമേശ് പിഷാരടി കാരിക്കോട് സരസ്വതി സ്‌കൂളിലും സംവിധായകന്‍ ഭദ്രന്‍ പാല സെന്റ് തോമസ് ടിടിഐയിലും ഗായകന്‍ ദേവാനന്ദ് വൈക്കം ടൗണ്‍ എല്‍പിഎസിലും ഗായിക വൈക്കം വിജയലക്ഷമി ഉദയനാപുരം വടക്കേമുറി വില്ലേജ് ഓഫീസിലും വോട്ട് ചെയ്തു.
ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയ്‌ക്ക് മുട്ടമ്പലം ഗവണ്‍മെന്റ് എല്‍പിഎസിലും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലും പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പാല സെന്റ് തോമസ് ബിഎഡ്് കോളേജിലും ആയിരുന്നു വോട്ട്.
കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ തോമസ് ചാഴികാടന് മാത്രമാണ് കോട്ടയം ജില്ലയില്‍ വോട്ട് ഉണ്ടായിരുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര വിഎച്ച്എസ്എസിലായിരുന്നു വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ടൗണ്‍ യുപിഎസിലും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കോട്ടയം എസ് എ ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by