ഒമ്പതു വര്‍ഷം പഴക്കമുള്ള പണിതീരാത്ത വീട്. പണിതീര്‍ക്കുന്നതിനു വേണ്ടി പൈസയെല്ലാം സജ്ജീകരിച്ചു പണിക്കാരെ വിളിച്ചു നിര്‍ത്തിയിരുന്നാലും എന്തെങ്കിലും കാരണമുണ്ടായി വീടുപണി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ വരും. പ്രസ്തുത വീടിരിക്കുന്ന സ്ഥലം വില കൊടുത്തുവാങ്ങിച്ചതാണ്. ഭൂമിയുടെ കുഴപ്പം കൊണ്ടാണ് വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്നു വാസ്തുശാസ്ത്രം അറിയാവുന്ന ഒരാള്‍ പറഞ്ഞു. ഇതിനെന്താണു പോംവഴി?
ഇതേ അനുഭവം ധാരാളം വീട്ടുകാര്‍ക്കു ഉണ്ടാവാറുണ്ട്. ഭൂമിയുടെ ശക്തമായ ദോഷം കൊണ്ട് ഇതു സംഭവിക്കാം. കെട്ടിട നിര്‍മാണത്തിലും അളവിലുമുള്ള അപാകതകൊണ്ടും ഇങ്ങനെ സംഭവിക്കാം. പരിഹാരമായി പ്രത്യേക പൂജ ഗൃഹത്തില്‍ ചെയ്യുക. വാസ്തുശാസ്ത്രം അറിയാവുന്ന വ്യക്തിയെക്കൊണ്ട് ചുറ്റളവുകള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇതിനു പരിഹാരമാകും. കൂടാതെ വീട്ടില്‍ കിണര്‍ ഉണ്ടെങ്കില്‍ അതിന്റെ സ്ഥാനം ശരിയാണോ എന്നു വ്യക്തമായി പരിശോധിക്കണം. വീടിന് ചുറ്റുമതില്‍ കെട്ടണം. ഇക്കാര്യങ്ങള്‍ ചെയ്താല്‍ വീടു പെട്ടെന്നു തന്നെ പണി
പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വീടിനു രണ്ടു അടുക്കളയുണ്ട്. പ്രധാന അടുക്കളയ്‌ക്ക് 16 അടി നീളവും 8 അടി വീതിയുമാണ്. വീട്ടില്‍ അമിതമായ ചെലവുണ്ട്. ഇതിനു പരിഹാരം നിര്‍ദേശിക്കാമോ?
വീടിനെ സംബന്ധിച്ച് അടുക്കള മര്‍മപ്രധാന ഭാഗമാണ്. ഇതില്‍ പറയുന്ന അളവില്‍ അടുക്കള ഉള്ള വീടിനു വരവിന്റെ ഇരട്ടി ചെലവ് ഉണ്ടാകും. കൂടാതെ ആ അടുക്കളയുടെ ഊര്‍ജക്രമീകരണവും ശരിയായിരിക്കില്ല. ഇക്കാരണത്താല്‍ കുടുംബിനിക്ക് എന്നും അസുഖങ്ങള്‍ ആയിരിക്കും ഫലം. ആയതിനാല്‍ നീളത്തിലുള്ള അടുക്കളയുടെ ഒരു ഭാഗം സ്‌റ്റോറായിട്ടോ വര്‍ക്ക് ഏരിയയായോ ഉപയോഗിക്കുക.
ഒന്നിലേറെ വാടകവീടുകളില്‍ താമസിച്ചിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടില്‍ വന്നതു മുതല്‍ കുടുംബത്തിന് പലവിധ വിഷമതകളും അനുഭവിക്കുന്നു. വാസ്തുദോഷമുള്ള വീട് ഉടമസ്ഥനെയാണോ വാടകക്കാരനെയാണോ ബാധിക്കുന്നത്?
വാസ്തുദോഷമുള്ള വീട് ഒരിക്കലും പണികഴിപ്പിച്ച ഉടമസ്ഥനെ തേടി പോകാറില്ല. വീട്ടില്‍ താമസിക്കുന്നവരെയാണ് ബാധിക്കുന്നത്. മുമ്പു താമസിച്ചിരുന്ന വീടുകള്‍ക്ക് വാസ്തുദോഷമില്ലാത്തതിനാല്‍ എല്ലാ ഐശ്വര്യങ്ങളും ഉണ്ടായിരുന്നു. മറിച്ച് വാസ്തുദോഷമുള്ള ഈ വീട്ടില്‍ വന്നപ്പോള്‍ ദുരിതങ്ങള്‍ അനുഭവപ്പെട്ടു. ഇതിനു പരിഹാരമായി വാസ്തുദോഷമകറ്റുവാന്‍ ശ്രമിക്കുക.
വീടിന് പതിമൂന്നു വര്‍ഷം പഴക്കമുണ്ട്. 800 സ്‌ക്വയര്‍ഫീറ്റ് മുന്‍വശം ടെറസ്സും പുറകുവശം 1400 സ്‌ക്വയര്‍ഫീറ്റ് ഓടിട്ട ഭാഗവുമാണ്. മകളുടെ കല്ല്യാണത്തോടനുബന്ധിച്ചു വീടിന്റെ പകുതിഭാഗം ഷെയര്‍ കൊടുക്കേണ്ടി വന്നു. വീടിനു തെക്കുവടക്കായിട്ടാണു നെടുകെഭാഗം വച്ചിട്ടുള്ളത്. ഇപ്പോള്‍ വീടിനു രണ്ട് എന്‍ട്രന്‍സ് ഉണ്ട്. ഒന്നു കിഴക്കു വശവും മറ്റൊന്നു പടിഞ്ഞാറ് വശവും. പുതിയതായി വടക്കുകിഴക്ക് ഭാഗത്ത് ഒരു അടുക്കള സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ഐശ്വര്യം ഇല്ലാതായി. വീട്ടില്‍ എന്നും പലവിധ പ്രശ്‌നങ്ങളും ഉണ്ട്. ഇത് വാസ്തുദോഷം സംഭവിച്ചതുകൊണ്ടാണെന്ന് ഇതുമായി അറിവുള്ളവര്‍ പറയുന്നു. വാസ്തു ദോഷം അകറ്റാനുള്ള പോംവഴിയെന്താണ്?
സാധാരണ കണ്ടുവരുന്ന ഒരു അനുഭവമാണിത്. നല്ല ഐശ്വര്യത്തോടെ ഇരിക്കുന്ന വീടിനെ രണ്ടാക്കി വേര്‍തിരിക്കുമ്പോള്‍ നിലവിലുള്ള വീടിന്റെ സന്തുലനാവസ്ഥയ്‌ക്ക് മാറ്റം വരുന്നു. കൂടാതെ രണ്ടായി വേര്‍തിരിക്കുമ്പോള്‍ ബ്രഹ്മസ്ഥാനം അടഞ്ഞുപോയിരുന്നാലും ശക്തമായ വാസ്തു ദോഷം സംഭവിക്കാം. ഒരു വീട്ടില്‍ ഒരു അടുക്കള ഒരു പൂജാമുറി, ഒരു പൂമുഖം എന്നിങ്ങനെയാണു വരേണ്ടത്. അതിനുവിപരീതമായി സ്ഥാനം തെറ്റിയുള്ള അടുക്കളയുടെ സ്ഥാനങ്ങളും ബ്രഹ്മസ്ഥാനം അടച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും അവശ്യം വേണ്ട ഊര്‍ജം ലഭിക്കാത്ത ബെഡ്‌റൂമുകളും വീടിനെ രണ്ടാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. കഴിയുന്നതും താമസിച്ചു കൊണ്ടിരിക്കുന്ന ഒരു വീടിനെ രണ്ടാക്കി വേര്‍തിരിക്കുമ്പോള്‍ വാസ്തുതത്വങ്ങള്‍ അറിയാവുന്ന ഒരു വ്യക്തിയെ കാണിച്ച് നിര്‍ദേശം തേടിയ ശേഷം വീടിനുവേണ്ട മാറ്റങ്ങള്‍ ചെയ്യേണ്ടതാണ്.
പുതിയതായി പണികഴിപ്പിച്ച വീടിന്റെ പൂമുഖവാതിലിന് അഞ്ചടി അകലെയായി വലിയൊരു മാവ് നില്‍പുണ്ട്. മുറിച്ചുമാറ്റുവാന്‍ മനസ്സുവരുന്നില്ല. കൂടാതെ വളരെയധികം കുളിര്‍മ അനുഭവപ്പെടുന്നുമുണ്ട്. വീടിന് അകത്തെ ക്രമീകരണങ്ങള്‍ എല്ലാം വാസ്തുനിയമപ്ര കാരമാണു ചെയ്തിട്ടുള്ളത്. എന്നാല്‍ വീടിന്റെ വാതിലിനു മുന്‍വശം നില്‍ക്കുന്ന മരം വാസ്തുശാസ്ത്രത്തിന് എതിരാണെന്നു പറയുന്നു. ഇതിനെന്താണ് പ്രതിവിധി?
വീടിന്റെ വാതിലിനു മുന്‍വശത്തു നില്‍ക്കുന്ന മരം വാസ്തുശാസ്ത്രപ്രകാരം പാടില്ലാത്തതാണ്. എന്നാല്‍ വളരെ ഐശ്വര്യമായി നില്‍ക്കുന്ന മാവിനെ മുറിച്ചു മാറ്റാതെ വീടിന്റെ പൂമുഖവാതില്‍ ഇടതുവശത്തേക്കോ വലതു വശത്തേക്കോ വാസ്തുനിയമപ്രകാരം മാറ്റി സ്ഥാപിക്കുന്നത് ഉചിതമായിരിക്കും. വൃക്ഷങ്ങള്‍ വീടിനു മുകളില്‍ക്കൂടി വളര്‍ന്ന് നില്‍ക്കാന്‍ അനുവദിക്കരുത്. വീടിനു ദോഷം വരാത്ത രീതിയില്‍ വൃക്ഷങ്ങള്‍ നില്‍ക്കുന്നത് വീടിന്റെ എനര്‍ജി ലെവല്‍ കൂട്ടുകയേ ഉള്ളൂ.
വീടു പണിഞ്ഞിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. പഴയൊരു തറവാട് ഇരുന്ന സ്ഥലത്താണ് പുതിയ വീടുള്ളത്. വീടിന്റെ ദര്‍ശനം തെക്കോട്ടാണ്. ഗൃഹനാഥന്റെ നക്ഷത്രം ഉത്രമാണ്. ഭാര്യയുടെ നക്ഷത്രം പൂയം. തെക്കുദര്‍ശനം ദോഷമാണ്, ഭാവിയില്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും എന്നൊക്കെ ചിലര്‍ പറയുന്നു. ഇതില്‍ വസ്തുത ഉണ്ടെങ്കില്‍ പരിഹാരമെന്താണ്?
ഇത്തരത്തിലുള്ള ഭയം വെറുതെയാണ്. മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇതില്‍ ഏത് ഭാഗത്തേക്ക് വീടിന്റെ ദര്‍ശനം വന്നാലും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. തെക്കുദര്‍ശനമുള്ള വീടിന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും. വാസ്തുപരമായി മറ്റു ദോഷങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തെക്കുദര്‍ശനം വളരെ നല്ലതാണ്. ഉത്രം നക്ഷത്രക്കാര്‍ക്ക് തെക്കുദര്‍ശനം അനുയോജ്യമാണ്. അനാവശ്യ അഭിപ്രായങ്ങള്‍ കേട്ടു വ്യാകുലപ്പെടേണ്ടതില്ല.
പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള വീട് മൂന്നുവര്‍ഷത്തേക്ക് ലീസിനെടുത്തു താമസമായി. ഈ വീട്ടില്‍ താമസിക്കാന്‍ വന്നതുമുതല്‍ ഗൃഹനാഥയ്‌ക്കു പലവിധ അസുഖങ്ങളായിരുന്നു. ശുചിമുറിയില്‍ തെന്നിവീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു കിടപ്പിലായി. മുമ്പ് ഇവിടെ താമസിച്ചിരുന്നകുടുംബത്തിനും ഇതേ രീതിയിലുള്ള ദുരന്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കരാര്‍ പ്രകാരം ഈ വീട്ടില്‍നിന്നും ഉടനെ ഇറങ്ങിപ്പോകാനും സാധ്യമല്ല. വാസ്തുദോഷമകറ്റുന്നതിനുള്ള മാര്‍ഗനിര്‍ദേശം തരാമോ?
ഇതേ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായതായി അറിയാം. വാടകവീടായതിനാല്‍ കാര്യമായ മാറ്റങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല. എന്നാല്‍ കിടക്കുന്ന മുറിയില്‍നിന്നും മാറി കിടക്കുവാന്‍ നോക്കണം. തെക്കോട്ടോ കിഴക്കോട്ടോ തലവച്ചു കിടക്കുവാന്‍ നോക്കണം. രാവിലെയും വൈകുന്നേരവും കൃത്യമായി വിളക്കുകൊളുത്തണം. സന്ധ്യാസമയത്ത് ലക്ഷ്മീവിളക്കു കത്തിച്ചു വീടിന്റെ മുന്‍വശത്തു തറയില്‍ വയ്‌ക്കുക. ഗൃഹത്തില്‍ സത്യനാരായണപൂജ ചെയ്യിക്കുക. തല്‍ക്കാലം ഇത്രയും കാര്യങ്ങള്‍ മതിയാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: