തിരുവനന്തപുരം: നാല്പതു ദിവസത്തെ പ്രചാരണത്തിനൊടുവില്‍ ലോക്സഭയിലേക്കുള്ള 20 പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കേരളം ഇന്ന് വിധിയെഴുതും. 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര് ഭിന്നലിംഗക്കാരുമാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
മുമ്പില്ലാത്തവിധം ഇടത്, വലത് മുന്നണികളുടെ ഭരണപരാജയം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമെന്ന പ്രത്യേകതയോടെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും മാസപ്പടി വിവാദം, ധൂര്‍ത്ത് അടക്കമുള്ള അഴിമതിയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും അക്രമങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപചയവും 2013 വരെ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങളും അഴിമതിയും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അഴിമതിപ്പാര്‍ട്ടികളുടെ ഐക്യമായ ഇന്‍ഡി മുന്നണിയും കേരളത്തില്‍ പരസ്പരം മത്സരിക്കുകയും കേരളത്തിന് പുറത്ത് ഒരുമിച്ച് നില്ക്കുന്ന ഇടത്, വലത് മുന്നണികളുടെ കള്ളത്തരവും ചര്‍ച്ചയായി. പത്തുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ സദ്ഭരണവും രാജ്യ പുരോഗതിയും എന്‍ഡിഎക്ക് വലിയ രീതിയില്‍ ജനങ്ങളില്‍ സ്വീകാര്യതയുണ്ടാക്കിയ തെരഞ്ഞെടുപ്പു കൂടിയാണിത്.
13,272 കേന്ദ്രങ്ങളിലായി 25,231 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടിങ് സാമഗ്രികളുമായി ഇന്നലെ വൈകിട്ടോടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തുകളിലെത്തി. രാവിലെ ആറിന് മോക് പോളിങ് നടത്തി വോട്ടിങ് സാമഗ്രികളുടെ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പുവരുത്തും. അതിനു ശേഷം ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് ശേഷവും ബൂത്തുകളിലെ ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കും. ടോക്കണ്‍ വിതരണശേഷം എത്തുന്നവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല.
കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്തുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തി. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: