പാട്‌ന: ബീഹാറില്‍ ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) യുവ നേതാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. സൗരഭ് കുമാര്‍ എന്നയാളാണ് മരിച്ചത്. ബുധനാഴ്ച രാത്രി കുടുംബത്തോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം സൗരഭിനെ ലക്ഷ്യംവെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിലും തലയിലും വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും വെടിയേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തി കരമാണെന്ന് പാട്‌ന പോലീസ് സൂപ്രണ്ടന്റ് ഭരത് സോണി അറിയിച്ചു.
വെടിവച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. രാഷ്‌ട്രീയ, വ്യവസായ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജെഡിയു അനുയായികള്‍ പ്രദേശത്ത് തടിച്ചു കൂടി റോഡ് ഉപരോധിക്കുകയാണ്. പ്രതികളെ പിടികൂടണം, ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി, പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി സൗരഭിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: