Categories: India

സഞ്ചാരികളെ യാത്ര തുടരാം……മഞ്ഞ് നീക്കി; മണാലി – ലേ ഹൈവേ വീണ്ടും തുറന്നു

Published by

ശ്രീനഗര്‍: മഞ്ഞു മൂടിക്കിടന്നതിനെത്തുടര്‍ന്ന് അഞ്ചു മാസമായി അടച്ചിട്ടിരുന്ന മണാലി- ലേ ഹൈവേ വീണ്ടും തുറന്നു. ലഡാക്കിലെ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. 428 കിലോമീറ്റര്‍ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു. കഴിഞ്ഞ നവംബറിലാണ് മഞ്ഞുമൂടിയതിനെ തുടര്‍ന്ന് പാത അടച്ചത്.

ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നതും മണാലി-ലേ ഹൈവേയിലൂടെയാണ്. ബിആര്‍ഒ അംഗങ്ങള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് മഞ്ഞ് നീക്കാനായത്.

മണാലി- ലേ ഹൈവേ എല്ലാ വര്‍ഷവും മെയ് പകുതി മുതല്‍ അഞ്ച് മാസത്തേക്ക് പ്രവര്‍ത്തനസജ്ജമായിരിക്കും. ബാക്കിയുള്ള മാസങ്ങളില്‍ മഞ്ഞുവീണ് അടഞ്ഞുകിടക്കുകയാവും. ബൈക്ക് റൈഡര്‍മാരുടെ ഒരു സ്വപ്‌നപാതകൂടിയാണിത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by