അക്കാലത്ത് ഹിന്ദുത്വത്തിന് അഭൂതപൂര്‍വമായ ഉത്കര്‍ഷം സംജാതമായി. അതിനു മുഖ്യമായ കാരണങ്ങള്‍ അദ്ദേഹം ഭാഷ്യങ്ങളില്‍ കൂടി കണ്ടെത്തിയ അദൈ്വതവാദത്തിന്റെ ദാര്‍ശനികവും വിശ്വാസ്യവുമായ അടിത്തറയായിരുന്നു. ജഗത്തിന്റെയും ജീവിതത്തിന്റെയും മൂല്യസത്യത്തെപ്പറ്റി ആധാരഭൂതമായ ചൈതന്യത്തെപ്പറ്റി അന്വേഷിക്കുകയാണ് എല്ലാ ദാര്‍ശനിക ചിന്തകളുടെയും അടിസ്ഥാനം. അത്തരം ഗഹനചിന്തകള്‍ക്കും തപഃസ്വാധ്യായ സമാധികള്‍ക്കും അവസാനം പ്രാചീന ഋഷീശ്വരന്മാര് കണ്ടെത്തിയ നിഗ മനങ്ങളാണ് വേദോപനിഷത്തുകളില്‍ അടക്കം ചെയ്തിട്ടുള്ളത്.
ശങ്കരാചാര്യര്‍ ആ നിഗമനങ്ങളെ സൂക്ഷ്മമായ അനുശീലനത്തിനു വിഷയമാക്കി അവയുടെ സാരസംക്ഷേപത്തെ പ്രത്യേകമായി എടുത്തു കാട്ടിയിട്ടുള്ളതിന്റെ പേരാണ് അദൈ്വതമെന്ന മൂന്നക്ഷരത്തില്‍ സംഗ്രഹിച്ചിട്ടുള്ളത്. ഈ ശബ്ദം അല്പം വികസിപ്പിച്ച് പഠിച്ചാല്‍ ഇതിന് ഇങ്ങനെ അര്‍ത്ഥം പറയാം. നമ്മുടെ ജീവിതത്തിലും വിശ്വബ്രഹ്മാണ്ഡത്തിലും ഒരേയൊരു ചൈതന്യം മാത്രമേ നിറഞ്ഞുനില്‍ക്കുന്നുള്ളൂ. ആ ചൈതന്യം അമേയവും എല്ലാ വിധത്തിലും അഗോചരവും ശക്തി (ബോധ) രൂപത്തിലുള്ളതും ലോകം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്നതും അനുഭൂതിമാത്രവേദ്യവും ആനന്ദാത്മകവുമാണ്. സദാ മാറ്റങ്ങള്‍ക്ക് വിധേയമെന്നും നശ്വരമെന്നും ജഡമെന്നും പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപരിവര്‍ത്തിതമായി അവികാരിയായി എപ്പോഴും ഏകരൂപമായി ശാശ്വതമായി നിലകൊള്ളുന്ന പ്രപഞ്ചം അതിന്റെ സ്ഥൂലരൂപമാണ്. അതിന്റെ തന്നെ സൂക്ഷ്മരൂപമാണ് നമ്മുടെ ആത്മാവ്; അതുതന്നെ പ്രപഞ്ചാത്മാവും. അപ്പോള്‍ അതിന് ബ്രഹ്മം എന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍ അവ പര്യായങ്ങളാണെന്നും അറിയണം.
എല്ലാ പദാര്‍ത്ഥങ്ങളും ബ്രഹ്മമയമാണെന്നു പറഞ്ഞാല്‍ പോര, ബ്രഹ്മം തന്നെയാണ്. എന്നാല്‍ അത് അങ്ങനെ കാണപ്പെടാതെ അനേകം വസ്തുക്കളായി വിവിധങ്ങളായ പേരുകളിലും രൂപങ്ങളിലും കാണപ്പെടുന്നു. പക്ഷേ അവയുടെയെല്ലാം മൂലഭാവം ഒന്നു തന്നെയാണ്. മോതിരവും മാലയും കൈവളയും സ്വര്‍ണ്ണമെന്ന ഒരേ വസ്തുതന്നെയാണെങ്കിലും ആ ആഭരണങ്ങളെല്ലാം വിവിധ പേരുകളില്‍ അറിയപ്പെടുന്നത് പോലെയാണ് അത്. മരവും മാനും മനുഷ്യനും സ്വതേ മണ്ണാണെങ്കിലും അവയെല്ലാം പല പേരുകളിലും രൂപത്തിലുമാണ് കാണപ്പെടുന്നത്. അഥവാ അവ ഒന്നും മണ്ണെന്ന പേരില്‍ അറിയപ്പെടുന്നുമില്ല. അതിനുകാരണം അജ്ഞാനം മിഥ്യാ ദൃഷ്ടിയാണ്. സാധാരണയായി ആ മിഥ്യാദൃഷ്ടിക്ക് മായയെന്നാണ് പേര് നല്കപ്പെട്ടിരിക്കുന്നത്. അദൈ്വതം എന്നാല്‍ രണ്ടാമതായി മറ്റൊരു വസ്തു ഇല്ല എന്ന് തറപ്പിച്ചു പറയുകയാണ്. ഈ പ്രപഞ്ചത്തിന്റെ മൂലഭൂതമായ തത്ത്വം ഒന്നുമാത്രമേയുള്ളൂ എന്ന് സാധനകൊണ്ടും അനുഭൂതികൊണ്ടും മനസ്സിലാക്കണം. അപ്പോഴാണ് മായ വിട്ടകലുന്നത്, യഥാര്‍ത്ഥമായ മോക്ഷം അപ്പോഴാണ്.
അദൈ്വതത്തിന്റെ പ്രായോഗിക പ്രയോജനങ്ങള്‍
എന്നാല്‍ ഇതെല്ലാം ദാര്‍ശനിക ലക്ഷ്യമാണ്. സാധാരണ ജനങ്ങള്‍ക്ക് അദൈ്വതം കൊണ്ട് കുറഞ്ഞപക്ഷം മൂന്നു പ്രയോജനങ്ങ ളെങ്കിലും നേടാനാവും. അനശ്വരമാണ് ആത്മാവ് എന്നുള്ളതു കൊണ്ട് വ്യക്തിക്ക് മരണമില്ലെന്നും മരണമെന്നുള്ളത് ശരീരത്തിന്റെ വികാസപ്രക്രിയയിലുണ്ടാകുന്ന സ്വാഭാവികമായ ഒരു ഘട്ടം മാത്രമാണെന്നും ഉള്ള ബോധം ഉണ്ടാകുന്നു. (ഗീത രണ്ടാം അദ്ധ്യായ ത്തിലെ മുഖ്യചര്‍ച്ചാവിഷയം തന്നെ അതാണല്ലോ.)
ആ ബോധം നമ്മെ നിര്‍ഭയരാക്കുന്നു. കാരണം എല്ലാതരം ഭയങ്ങളുടെയും മൂലകാരണം മൃത്യുഭയമാണല്ലോ. അഭയം’ എന്നു ള്ളത് മനുഷ്യന്റെ സര്‍വോത്കൃഷ്ടമായ ഗുണമാണല്ലോ. സഹജീവികള്‍ക്കും ആത്മാവുണ്ടെന്നും അതു നമ്മുടെയുള്ളിലുള്ള ആത്മാവുതന്നെയാണെന്നുമുള്ള ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. ഒരു ചെടിയുടെ കമ്പ് ഒടിച്ചാല്പോലും അത് നമ്മളെ നൊമ്പരപ്പെടു ത്തുന്നത് അതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ അഹിംസയാണ് സ്വായത്തമാക്കേണ്ട ജീവിതമൂല്യമെന്ന പാഠം നമ്മെ ഓര്‍മ്മപ്പെടു ത്തുന്നു. അത് വിശ്വശാന്തിക്കുവരെ അടിസ്ഥാനമാകുന്നു. മനുഷ്യന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും അതിര്‍വരമ്പുകള്‍ നിശ്ചയിക്കാ നാവില്ലെന്നും എല്ലാവര്ക്കും ഉത്തമകര്‍മ്മങ്ങള്‍ ചെയ്ത് മഹാത്മാക്കളെന്ന് മാത്രമല്ല, ഈശ്വരാവതാര പദവിയിലേക്കുവരെ ഉയരുക സാദ്ധ്യമാണെന്നും അദൈ്വതം നമ്മെ പഠിപ്പിക്കുന്നു. ഈ മൂന്നു പ്രയോജനങ്ങളും അത്യന്തം മഹത്തരങ്ങളാണ്. ഇവ മനുഷ്യത്വ വികാസത്തിനും യഥാര്‍ത്ഥമായ ധര്മ്മവികാസത്തിനും അനുപേ ക്ഷണീയങ്ങളുമാണ്.
ഇങ്ങനെ സര്‍വാദരണീയമായ അദൈ്വതഭാവന പ്രചരിപ്പിച്ചു കൊണ്ടും സനാതന ധര്‍മ്മത്തിന്റെ ഇങ്ങനെയുള്ള മഹിമാതിരേകങ്ങള്‍ പണ്ഡിതപാമര ഭേദമില്ലാതെ സമസ്ത ഭാരതീയ ജനതയേയും ആ മഹാപുരുഷന് ബോദ്ധ്യപ്പെടുത്തി. ഹിന്ദുധര്‍മ്മത്തിന്റെ തന്നെ ഭാഗങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടു വളര്‍ന്ന വിവിധ സമ്പ്രദായങ്ങളും ദുര്‍നടപടികളും പാടേ അസ്തമിച്ചു. ഹിംസാപ്രവണങ്ങളായ യാഗാദികര്‍മ്മങ്ങളുടെ ആചരണങ്ങള്‍ക്ക് വിരാമമായി. ഹിന്ദുധര്‍മ്മത്തില്‍ നിന്ന് വിട്ടുപോയവരെല്ലാം ക്രമേണ ഹിന്ദുത്വവലയത്തില് എത്തിച്ചേര്‍ന്നു. ഇങ്ങനെ ധര്‍മ്മസംസ്ഥാപനം നടത്തിക്കൊണ്ട് ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം ഭാരതഭൂമിയി ലെമ്പാടും സഞ്ചരിച്ചുകൊണ്ട് ചില സംവല്‍സരങ്ങള്‍ കഴിച്ചു.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും സ്ഥാപകരും പോഷകരുമായ മൂന്നു മഹാമനീഷികള്‍ ‘എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: