Categories: Kerala

അവസാന ദിനത്തിലും പോരാട്ടച്ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍

Published by

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ദിനമായ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ തിരക്കായിരുന്നു. വിവിധ മത, സാമുദായിക, സാംസ്‌ക്കാരിക നേതാക്കളെ സന്ദര്‍ശിച്ച് പിന്തുണ ഉറപ്പാക്കുകയും, അനുഗ്രഹം തേടുകയും ചെയ്യുന്ന തിരക്കിലായിരുന്നു മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍. അവസാന നിമിഷത്തിലെ ചാഞ്ചാട്ടത്തിലാണ് വന്‍ മാറ്റം തെരഞ്ഞെടുപ്പില്‍ സംഭവിക്കുക. ഇതൊഴിവാക്കാന്‍ അവസാന അടവുകളും പ്രയോഗിക്കുന്നത് തെരഞ്ഞെടുപ്പിന്റെ തലേന്നാളാണ്. സമുഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വങ്ങളെയും സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍, താന്‍ അവതരിപ്പിച്ച വികസനരേഖ പ്രമുഖര്‍ക്ക് നല്‍കി പിന്തുണ തേടി. രാവിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ചങ്ങനാശേരിയിലെത്തിയും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയും സന്ദര്‍ശിച്ചു. വികസനരേഖ നല്‍കി അനുഗ്രഹം തേടി. ഇരു സമുദായ നേതാക്കളും തനിക്ക് വിജയാശംസ നേര്‍ന്നതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പിന്നീട് മണ്ഡലത്തിലെ മറ്റു പ്രമുഖരെയും സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. വൈകിട്ട് മാദ്ധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ ബിഷപ്പിനെ സന്ദര്‍ശിച്ച് വികസനരേഖ നല്‍കി. രാത്രിയോടെ വടക്കാഞ്ചേരിയിലേക്ക് വോട്ട് ചെയ്യാനായി പോയി. നാളെ രാവിലെ ആലപ്പുഴയില്‍ തിരിച്ചെത്തും.

മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരും നേതാക്കളും പുലര്‍ച്ചെ മുതല്‍ രാത്രി വരെ വീടുകളില്‍ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. വോട്ടര്‍മാര്‍ക്കുള്ള സഌപ്പുകള്‍ നല്‍കുകയും, അവസാനമായി വോട്ട് ഒന്നുകൂടി ഉറപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇടതുവലതു മുന്നണികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആശയകുഴപ്പത്തിലാണ്. മുസ്ലീം സംഘടനകള്‍ പലതും ഇടതുവലതു മുന്നണികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ പരസ്യമായി തമ്മിലടിക്കുകയാണ്. സംഘടനാ നേതാക്കള്‍ വരെ പരസ്പരവിരുദ്ധമായി മുന്നണികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടനകളെ വെട്ടിലാക്കുന്നതിനെതിരെ അണികളില്‍ അമര്‍ഷം ശക്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക