ദുബായ് : എമിറേറ്റിൽ ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഏപ്രിൽ 24-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിൽ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെട്ട ഏപ്രിൽ 16, ചൊവ്വാഴ്ച ചുമത്തപ്പെട്ട എല്ലാ ട്രാഫിക് പിഴതുകകളും ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി. അസാധാരണമായ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഷാർജ എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു കൊടുത്തതായി ഷാർജ അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 24-ന് വൈകീട്ടാണ് ഷാർജ അധികൃതർ ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട എല്ലാ റോഡുകളും തുറന്നതായി ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചിട്ടുണ്ട്.
ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങിയതോടെ കിംഗ് ഫൈസൽ പള്ളിയ്‌ക്ക് സമീപം പ്രവർത്തിച്ചിരുന്ന റിലീഫ് ടെന്റ് ഒഴിവാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: