കോട്ടയം: രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി അന്‍വറെ വെളുപ്പിച്ചെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പാഴ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും ‘നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ലെ’ന്നുമാണ് എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ അധിക്ഷേപം നന്നേ ഇഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്, ‘പറയുമ്പോള്‍ തിരിച്ചു കിട്ടുമെന്ന് രാഹുലും കണക്കാക്കണ’മെന്ന് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ കഴിഞ്ഞാണ് റിപ്പോര്‍ട്ട് ടിവിയുടെ വാര്‍ത്താവിഭാഗം മേധാവി ഡോ.അരുണ്‍കുമാര്‍ അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവരുടെ ലേഖികയെ ചുമതലപ്പെടുത്തുന്നത്. ലേഖികയുടെ അന്വറോടുള്ള ചോദ്യങ്ങള്‍ ഇടതുവിരുദ്ധമാകാതിരിക്കാന് തുടക്കത്തിലെ കരുതല്‍ പാലിച്ച അരുണ്‍കുമാര്‍, രാഹുല്‍ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ അല്ലേ പരിശോധിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കൂ എന്ന് നിര്‍ദ്ദേശിക്കുന്നത് പ്രേക്ഷകര്‍ക്ക് കേള്‍ക്കാം. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണമെന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ലേഖിക അന്‍വറിനോട് ആരാഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ വെളിപ്പിച്ചെടുക്കല്പദ്ധതി തുടക്കത്തില്‍ മനസിലാകാതിരുന്ന അന്‍വര്‍ ‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’ എന്നായിരുന്നു മറുപടി നല്‍കിയത്. ലേഖിക ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് അങ്ങിനെയും വ്യാഖ്യാനിക്കാമല്ലോ എന്നതു തിരിച്ചറിഞ്ഞ് അന്‍വര്‍ ലേഖികയുടെ ചോദ്യത്തില്‍ നിന്ന് ഉത്തരം കണ്ടെത്തുന്നതും ‘പൊളിറ്റിക്കല്‍’ ഡിഎന്‍എ എന്ന പ്രയോഗത്തിലേക്ക് മാറുന്നതും. അന്‍വറിന്റെ ‘പച്ചയ്ക്ക് തന്തയ്ക്കു പറച്ചില്’ എന്നത് പ്രതീകാത്മകമായ പ്രതികരണമാക്കി അങ്ങിനെ റിപ്പോര്‍ട്ടര്‍ ടി.വി.മാറ്റിയെടുത്തു. ഏതായാലും സ്വതന്ത്രമാദ്ധ്യമപ്രവര്ത്തനത്തിന്റെ ആട്ടിന്‍ തോലിട്ട് ഇടതുപക്ഷത്തിന്റെ എന്തു കൊള്ളരുതായ്മകളും വെളിപ്പിച്ചെടുക്കാന്‍ ഇലക്ഷന്‍കാലത്ത് ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയുന്ന അഭിമുഖമായി അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: