എറണാകുളം:ഡ്രൈവിംഗ് ടെസ്റ്റിന് പരീക്ഷാർത്ഥികൾ ഹാജരാകേണ്ടിയിരുന്ന തീയതികൾ റദ്ദാക്കി എംവിഡി. ജൂൺ വരെ നൽകിയിരുന്ന തീയതികളാണ് റദ്ദാക്കിയത്. എണ്ണം കുറയ്‌ക്കുന്നതിനുള്ള നിർദ്ദേശം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എറണാകുളം ആർടിഒയിൽ നിന്നും പരീക്ഷയ്‌ക്ക് വേണ്ടി തീയതി ലഭിച്ചവരാണ് പ്രതിസന്ധിയിലായവരിൽ ഏറെയും.
ഏകദേശം 2000-ൽ അധികം ആളുകളാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുമ്പ് 100 മുതൽ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാൽ ഇതാണ് മെയ് ഒന്ന് മുതൽ 50 ആയി കുറച്ച് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് ശേഷം ഇത് 30 ആയി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്സൈറ്റിലൂടെ ലഭ്യമായ തീയതികൾ റദ്ദായത്. എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന വിമർശനവും ഉയരുന്നുണ്ട്.
കൂടാതെ മറ്റ് ആർടി ഓഫീസുകളിലും സമാന രീതിയിൽ തീയതികൾ റദ്ദാക്കിയതായാണ് വിവരം. ടെസ്റ്റുകൾ റീഷെഡ്യുൾ ചെയ്യുന്നതിനായി സൈറ്റിൽ കയറി വീണ്ടും പുതിയ തീയതി തിരഞ്ഞെടുക്കേണ്ടതായി വരും. മെയ് ഒന്ന് മുതലാണ് പുതിയ രീതി പ്രബാല്യത്തിൽ വരുന്നത്. ഇതോടെ പ്രതിദിനം 30 അപേക്ഷകർക്ക് മാത്രമാകും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാൻ അനുമതി നൽകുക.
ഇത് സംബന്ധിച്ച വിവരം സന്ദേശം മുഖേന അറിയിച്ചതായി എംവിഡി വ്യക്തമാക്കി. എന്നാൽ കൊറോണ മൂലം തീയതി റദ്ദാക്കുന്നുവെന്ന സന്ദേശമായിരുന്നു പലർക്കും ലഭിച്ചത്. ഇതിന് ശേഷം ഇവ പിൻവലിച്ചു. ആദ്യഘട്ടത്തിൽ 20 പുതിയ അപേക്ഷകർക്കും മുമ്പ് പരാജയപ്പെട്ട 10 പേർക്കുമാണ് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: