റായ്പുര്‍ (ഛത്തീസ്ഗഡ്): അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോണ്‍ഗ്രസ് പാര്‍ട്ടിയെ കുടുംബസ്വത്തായി കണക്കാക്കി അത് തങ്ങളുടെ മക്കള്‍ക്ക് കൈമാറുന്നു, എന്നാല്‍ പാവപ്പെട്ട ഭാരതീയര്‍ സ്വത്ത് മക്കള്‍ക്ക് കൈമാറുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജനങ്ങളുടെയും അവരുടെ കുട്ടികളുടെയും സമ്പത്തും അവകാശങ്ങളും കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് അപഹരിക്കപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ ഫണ്ട് ജനങ്ങള്‍ക്കായി ചെലവഴിക്കുകയാണെന്നും മോദി പറഞ്ഞു. ഛത്തിസ്ഗഡിലെ സര്‍ഗുജയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി ആരോപിച്ചു. ഇടത്തരക്കാര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്ന് യുവരാജാവിന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ പറഞ്ഞിരുന്നു. സാം പിത്രോദയെ സൂചിപ്പിച്ചായിരുന്നു ഈ വിമര്‍ശനം.
കോണ്‍ഗ്രസ് പറയുന്നു പാരമ്പര്യ സ്വത്ത് നികുതി ഏര്‍പ്പെടുത്തുമെന്ന്. മാതാപിതാക്കളില്‍ നിന്ന് കൈമാറിക്കിട്ടുന്ന പാരമ്പര്യസ്വത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന്. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന സമ്പാദ്യം നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല. കോണ്‍ഗ്രസ് അത് തട്ടിയെടുക്കും. കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യമാണ് പിത്രോദയുടെ പരാമര്‍ശങ്ങളിലൂടെ പുറത്തെത്തിയതെന്നും മോദി പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ചുമത്തുകയും അവരുടെ മരണശേഷം അനന്തരാവകാശ നികുതി ചുമത്തുകയും ചെയ്യുകയെന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. അതായത് ആളുകളെ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ആക്രമിക്കുകയാണ്. അര്‍ബന്‍ നക്‌സലുകളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് സാം പിത്രോദ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനെക്കുറിച്ച് പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: