തിരുവനന്തപുരം : കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. പലയിടത്തും പൊലീസിന്റെ സമയോചിത ഇടപെടലാണ് രംഗം ശാന്തമാക്കിയത്.
നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം, ലാത്തിവീശല്‍
നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു.
ലാത്തി വീശിയതിനെ തുടര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും അക്രമത്തിന് ഒരുമ്പെട്ടു. മഴ പെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷമുണ്ടാക്കിയത്.
കെഎസ്ആര്‍ടിസി ബസിനും കേടുപാടുണ്ടായി. ബസ് തടഞ്ഞു നിര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണം.
കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം
കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ ഇടത് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസന് കൊടിയിലിനും പരിക്കേറ്റു. കരുനാഗപ്പള്ളി എസിപിക്കും പരിക്കേറ്റു.
പത്തനാപുരത്ത് കയ്യാങ്കളി
കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഉച്ചഭാഷിണി നിര്‍ത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
മലപ്പുറത്ത് സംഘര്‍ഷം
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തളളും ഉണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കല്‍പ്പറ്റയില്‍ സംഘര്‍ഷം എല്‍ഡിഎഫും ഡിഎംകെയുമായി
കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഡിഎംകെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡിഎംകെ പ്രവര്‍ത്തകരുടെ കൊടികള്‍ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവര്‍ത്തകരെ മടക്കി അയച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തിട്ട് എല്‍ഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
തൊടുപുഴയില്‍ സംഘര്‍ഷം
തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ എല്‍ ഡി എഫ് -യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനായി എത്തിച്ച മണ്ണുമാന്തിയന്ത്രം മുന്നോട്ടെടുത്തതിനെ ചൊല്ലിയായിരുന്നു ആദ്യം സംഘര്‍ഷമുണ്ടായത്. പൊലീസെത്തിയാണ് ശാന്തമാക്കിയത്. കൊട്ടികലാശം സമാപിച്ചപ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെ വീണ്ടും വാക്കേറ്റമുണ്ടായി. ഇരു മുന്നണികളിലെയും നേതാക്കളും പൊലീസും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തരിപ്പിച്ചത്.
ട്വന്റി ട്വന്റി റോഡ് ഷോക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളളിക്കയറി
എറണാകുളം കോലഞ്ചേരിയില്‍ ട്വന്റി ട്വന്റിയുടെ റോഡ് ഷോ കടന്നു പോകുന്നതിനിടയില്‍ ഉന്തും തള്ളും . റോഡ് ഷോയുടെ അകത്തേയ്ക്ക് കടക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷ അവസ്ഥയിലേക്ക് എത്തിയത്. പൊലീസ് ഇടപെട്ടത്തോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: