ബെംഗളൂരു: മതം മാറാന്‍ തയ്യാറാവാത്തതിനാലാണ് തന്റെ മകള്‍ നേഹ കൊല്ലപ്പെട്ടതെന്ന് ആവര്‍ത്തിച്ച് പിതാവും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരേമത്ത്. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ് ഇത് എന്നും അദ്ദേഹം ചോദിച്ചു. ഇവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്നും ഹിരേമത്ത് ഊന്നി പറഞ്ഞു.
കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്ന നേഹ, ഏപ്രില്‍ 18നാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന 23 കാരന് ഫയാസാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ കോളേജ് ക്യാമ്പസില്‍ വച്ച് നടന്ന കൊലപാതകം വലിയ വിവാദത്തിലേക്കാണ് ഇപ്പോള്‍ വഴി വച്ചിരിക്കുന്നത്.
എന്നാല്‍ ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും നേഹയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതിയുടെ അമ്മ വെളിപ്പെടുത്തി. എങ്കിലും തന്റെ മകന് ചെയ്ത തെറ്റിന് നിയമപ്രകാരം പരമാവധി ശിക്ഷ നല്‍കണമെന്നും മുംതാസ് പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും നീതിയുക്തമായ അന്വേഷണത്തിന് സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേഹയുടെ കൊലപാതകം സംസ്ഥാന സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. എങ്കിലും ഈ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അശ്വത് നാരായണ്‍ ചോദിച്ചു. സത്യം പുറത്ത് വരേണ്ടതുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: