മനുഷ്യരുടെ ജാതകം പോലെ വീടിനും ജാതകമുണ്ടെന്ന് പറയുന്നതു ശരിയാണോ? ഉണ്ടെങ്കില്‍ മുപ്പത്തിയഞ്ചുവര്‍ഷം പഴക്കമുള്ള ടെറസ് വീടിന് ഇപ്പോള്‍ ഏതു ദശയായിരിക്കും?
മനുഷ്യരെപ്പോലെ തന്നെ വീടിനും ജാതകമുണ്ട്. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം, മരണം എന്നിങ്ങനെ അഞ്ചവസ്ഥകള്‍ വീടിനുമുണ്ട്. മനുഷ്യന് നല്ല ആഹാരം കൊടുത്തു സംരക്ഷിക്കുന്നതുപോലെ വീടിനു കാലാകാലം എല്ലാ അറ്റകുറ്റപ്പണികളും ചെയ്തുകൊണ്ടുപോയാല്‍ വളരെക്കാലം അത് യൗവ്വനദശയില്‍ ആയിരിക്കും. എന്നാല്‍ വീടിനു യാതൊരുവിധ പരിപാലനവും ചെയ്യാതെ വൃത്തിഹീനമായി ഉപയോഗിച്ചാല്‍ വളരെ പെട്ടെന്നു തന്നെ വാര്‍ധക്യവും മരണവും സംഭവിക്കും. ആയതിനാല്‍ മനുഷ്യരെ പരിപാലിക്കുന്നതു പോലെ വീടിനെയും പരിപാലിക്കണം. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ അതു മനുഷ്യനും വീടിനും ഒരുപോലെ ബാധകമായിരിക്കും.
മെയിന്‍ റോഡിനരികില്‍ പന്ത്രണ്ട് സെന്റ് ഭൂമിയുണ്ട്. ഈ സ്ഥലത്ത് റോഡ് കിഴക്കുവശത്താണ്. വന്നുകയറുന്ന ഭാഗം ഇടുങ്ങിയതാണ്. എന്നാല്‍ ഉള്ളില്‍ സ്ഥലമുണ്ട്. രണ്ടു വീടായിട്ട് പ്രത്യേകം പ്രത്യേകം വയ്‌ക്കുവാനുള്ള സ്ഥലം അവിടെയില്ല. നീളം കൂടുതലായതിനാല്‍ മുന്‍വശത്ത് ഒരു ഷോപ്പായിട്ടും പിറകുവശത്ത് രണ്ടു കുടുംബത്തിനു താമസിക്കാന്‍ കണക്കാക്കി ഒരു പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
മുന്‍വശത്ത് ഷോപ്പു പണിയുകയാണെങ്കില്‍, വീടിന് ഏതെങ്കിലും ഒരു വശത്ത് പൂമുഖം കൊടുക്കേണ്ട താണ്. ആ ഭാഗത്തു പരമാവധി ഓപ്പണ്‍ സ്‌പേസ് ഇടണം. രണ്ടു വീടായി രൂപകല്‍പന ചെയ്യുമ്പോള്‍ ഗ്രൗണ്ട് ഫ്‌ളോറും ഫസ്റ്റ് ഫ്‌ളോറുമായി ക്രമീകരിക്കുക. പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് പണിയുക. ഫസ്റ്റ് ഫ്‌ളോറിന് അവശ്യം വേണ്ട ഊര്‍ജപ്രവാഹം കിട്ടുന്നതാണ്. വടക്ക് കിഴക്കേഭാഗം ഫസ്റ്റ് ഫ്‌ളോറിന്റെ ബാല്‍ക്കണിയായി ഉപയോഗിക്കുക. വടക്കുപടിഞ്ഞാറുഭാഗം അടുക്കള യായിട്ടും ഉപയോഗിക്കുക. ഗ്രൗണ്ട് ഫ്‌ളോറിലും അടുക്കള വടക്കു പടിഞ്ഞാറ് ഭാഗം തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുന്‍വശത്ത് ഷോപ്പുവന്ന് അടഞ്ഞുനില്‍ക്കുന്നതിനാല്‍ ഊര്‍ജപ്രവാഹത്തിന് തടസ്സം നേരിടുന്നതാണ്. എന്നാലും മറ്റു മൂന്നുദിക്കുകള്‍ ക്രമീകരിച്ചു വീടു പണിയാവുന്നതാണ്.
കഴിഞ്ഞ മഴക്കാലത്ത് നദിയിലെ വെള്ളം കരകവിഞ്ഞ് ഒഴുകി, വീടിന്റെ ഒന്നാമത്തെ നിലവരെ വെള്ളം കയറി. വീടു പണികഴിപ്പിച്ചിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. ആദ്യമായാണ് ഈ രീതിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. വെള്ളപ്പൊക്കത്തിനുശേഷം ഇടിഞ്ഞുപോയ ചുറ്റുമതിലെല്ലാം കെട്ടി വൃത്തിയാക്കിയെങ്കിലും വീടിന് ഐശ്വര്യക്കുറവ് അനുഭവിക്കുന്നു. എന്താണ് പരിഹാരം?
ഐശ്വര്യത്തോടെ താമസിച്ചു കൊണ്ടിരുന്ന വീട് വെള്ളപ്പൊക്കം വന്ന് വൃത്തിഹീനമായാല്‍ പഴയ എനര്‍ജി ലെവല്‍ വീണ്ടെടുക്കാന്‍ സ്വാഭാവികമായും കാലതാമസമുണ്ടാകും. മനസ്സു പതറാതെ വീടും പരിസരവും ശുദ്ധീകരിച്ച ശേഷം വീട് പെയിന്റ് ചെയ്യുക. വ്യാഴാഴ്ച ദിവസം സത്യനാരായണ പൂജ ചെയ്യിക്കുക. ഇതിന്റെ ഫലമായി പഴയ പ്രൗഢി തിരിച്ചു കിട്ടുന്നതാണ്.
വഴിവന്ന് അവസാനിക്കുന്ന ഭാഗത്തുള്ള വീട്. വീട്ടില്‍ കയറേണ്ട ഗേറ്റും മുന്‍വ ശത്തെ റോഡും വഴിക്ക് നേരെയാണ്. വീട്ടില്‍ താമസമായതിനുശേഷം യാതൊരു മനസ്സമാധാനവും കിട്ടുന്നില്ല. എന്നും ദുരിതവും സാമ്പത്തികക്ലേശവും അനുഭവിക്കുന്നു. വീടിന് ശക്തമായ വാസ്തുദോഷമുണ്ടെന്ന് പറയുന്നു. പ്രതിവിധി നിര്‍ദേശിക്കാമോ?
ഇത്തരത്തില്‍ വീട് നില്ക്കുന്ന സ്ഥലത്തിന് മുട്ട് എന്നാണ് പറയുന്നത്. വഴിവന്ന് അവസാനിക്കുന്ന ഭാഗത്ത് മെയിന്‍ ഗേറ്റും പൂമുഖ വാതിലും നേര്‍ക്കുനേര്‍ വന്നാല്‍ വീടിന് ശക്തമായ വാസ്തുദോഷം ഉണ്ടാകും. പ്രകൃതിയിലെ അദൃശ്യമായ പല ശക്തികള്‍ക്കും വീടിനുള്ളില്‍ കടക്കുവാന്‍ അവസരമുണ്ടാകും. ഇതിനു പരിഹാരമായി വഴിക്ക് നേരെയുള്ള, വീടിന്റെ ദര്‍ശനം മാറ്റേണ്ടതാണ്. വഴി വന്ന് അവസാനിക്കുന്ന ഭാഗം മതില്‍കെട്ടി അടച്ച്, വീടിനും വഴിക്കും നേരെ അല്ലാത്ത ഭാഗത്ത് ഗേറ്റും പൂമുഖവാതിലും സ്ഥാപിക്കുന്നതാണ് ഏക പോംവഴി. ഗേറ്റുമാറ്റാന്‍ സാധിച്ചില്ലെങ്കില്‍ വഴിക്കു നേരെയുള്ള വീടിന്റെ പൂമുഖ വാതിലെങ്കിലും മാറ്റേണ്ടതാണ്.
ആറുവര്‍ഷം മുമ്പ്, 1200 സ്‌ക്വയര്‍ഫീറ്റില്‍ ഒരു ഇരുനില വീട് പണി കഴിപ്പിച്ചു. രണ്ടാമത്തെ നിലയില്‍ സ്‌റ്റെയര്‍കെയ്‌സ് മുറിയും, വടക്കുകിഴക്ക് ഭാഗത്ത് ഒരു മുറിയും മാത്രമാണ് ഉള്ളത്. വീട്ടില്‍ താമസമായതോടെ പല വിധ ദുരിതങ്ങള്‍ നേരിടുന്നു. ചെറിയ ഒരു പൂജാമുറി സ്‌റ്റെയര്‍കെയ്‌സ് ചെന്ന് അവസാനിക്കുന്ന ഭാഗത്താണു സജ്ജീകരിച്ചിരിക്കുന്നത്. പൂജാമുറിക്കു ദോഷമുണ്ടോ?
സാധാരണ വാസ്തതുശാസ്ത്രമനുസരിച്ച് രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറേ മൂല മുതല്‍ (കന്നിമൂല) കെട്ടി തുടങ്ങേണ്ടതാണ്. കന്നി താഴ്‌ത്തി ഒരിക്കലും രണ്ടാമത്തെ നില പണിയുവാന്‍ പാടില്ല. വീടിന് സ്‌റ്റെയര്‍ കെയ്‌സ് മുറിയും വടക്കുകിഴക്ക് ഭാഗത്ത് ഒരു മുറിയുമാണ് ഉള്ളത്. രണ്ടാമത്തെ നില പരിപൂര്‍ണമായി കെട്ടുകയാണെങ്കില്‍ വടക്കുകിഴക്കേ ഭാഗമായ ഈശാനകോണ്‍ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നതു നല്ലതാണ്. കൂടാതെ പൂജാമുറി സ്‌റ്റെയര്‍കെയ്‌സ് അവസാനിക്കുന്ന ഭാഗത്താണെന്ന് പറയുന്നു. ഇരുനില വീട് ഉപയോഗിക്കുന്നവര്‍ക്ക് പൂജാമുറിയോ വിളക്ക് കത്തിക്കുന്ന ഭാഗമോ ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ തന്നെ വരണം. അതിനാണ് ഏറ്റവും ഐശ്വര്യം ഉള്ളത്. ഫഌറ്റുകള്‍ക്ക് ഈ നിയമം ബാധകമാക്കുവാന്‍ പ്രയാസമാണ്.
പണ്ടത്തെ വീടുകളോടുള്ള താത്പര്യത്താല്‍ നിരയും പലകയും ചേര്‍ത്തു പണിഞ്ഞ 80 വര്‍ഷം പഴക്കമുള്ള വീടു വിലയ്‌ക്ക് വാങ്ങി. കേടുകൂടാതെ അവ പൊളിച്ച് 20 സെന്റിനകത്ത് പുതിയ തടികളും ആയി കൂട്ടിച്ചേര്‍ത്തു മനോഹരമായി പണികഴിപ്പിച്ചു താമസമാക്കി. ഈ വീട്ടില്‍ താമസമാക്കിയതിനുശേഷം നടത്തിവന്നിരുന്ന ബിസിനസ്സ് പലതും അപ്രതീക്ഷിതമായി പരാജയപ്പെട്ടു. വാസ്തുശാസ്ത്രം അറിയാവുന്ന ഒരാള്‍ വീടു പരിശോധിച്ചിട്ട് ശക്തമായ രീതിയിലുള്ള വാസ്തുദോഷമുണ്ടെന്നു പറയുന്നു. എന്താണ് പരിഹാരം?
പല ആളുകള്‍ക്കും പഴയ സാധനങ്ങളോട് വലിയ ഭ്രമമാണ്. പ്രത്യേകിച്ച് നാലുകെട്ടുംപടിപ്പുരയും നിരയുംപലകയും ചേര്‍ത്തുപണിഞ്ഞ വീടുകളോട്. ഇങ്ങനെ പണിഞ്ഞ വീടുകളെ കാലാവസ്ഥാവ്യതിയാനം ബാധിക്കാറില്ല. കൂടാതെ വാസ്തുശാസ്ത്രം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ വീടുകള്‍ പണിഞ്ഞിട്ടുള്ളത്. 80 വര്‍ഷം പഴക്കമുള്ള വീട് വാങ്ങി പൊളിച്ച് മറ്റൊരു സ്ഥലത്ത് അതേ രീതിയില്‍ സ്ഥാപിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആരൂഢ ക്കണക്കില്‍ പണിഞ്ഞിട്ടുള്ള ഇതേ ഗൃഹങ്ങള്‍ വേറൊരിടത്തു മാറ്റിസ്ഥാപിച്ചാല്‍ പല രീതിയിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. നേരത്തെ വീടിരുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയായിരിക്കില്ല മാറ്റിസ്ഥാപിച്ച സ്ഥലം. കൂടാതെ ഉത്തരങ്ങള്‍ പൊളിച്ചപ്പോഴും തിരിച്ചു യോജിപ്പിച്ചപ്പോഴും ക്ഷതങ്ങള്‍ സംഭവിച്ചിരിക്കാം. മുറികളുടെ അളവിലും മാറ്റങ്ങള്‍ വന്നിരിക്കാം. പഴയ തടിയും പുതിയ തടിയുമായി കൂട്ടിക്കലര്‍ത്തി പണിഞ്ഞതി നാല്‍ ഊര്‍ജം ക്രമീകരിക്കുന്നതിനു വളരെ അധികം മാറ്റങ്ങള്‍ ഉണ്ടാകും. പുറത്തുനിന്നുനോക്കി വീടിനെ പുകഴ്‌ത്തി പറയുന്നവര്‍ ധാരാളം ഉണ്ടാകും. ഉദാഹരണത്തിന് നല്ല ഭംഗിയുള്ള ഒരു പഴം ഭക്ഷിക്കുമ്പോള്‍ ചിലപ്പോള്‍ അതിനകത്ത് പുഴുക്കള്‍ ഉണ്ടായി അത് ഉപേക്ഷിക്കേണ്ടതായി വരും. അതേ രീതിയില്‍ തന്നെയാണു ഈ ഗൃഹവും.
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: