കണ്ണൂർ: ട്രെയിൻ യാത്രികർക്ക് ആവശ്യമായ വെള്ളമെത്തിച്ച് റെയിൽവേ ഇക്കുറി നേടിയത് കോടികൾ. 14.85 കോടി രൂപയാണ് ഈയിനത്തിൽ റെയിൽവേയ്ക്ക് ദക്ഷിണ റെയിൽവേയിൽ നിന്ന് മാത്രം വരുമാനമായി ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ‘റെയിൽനീർ’ വിറ്റഴിച്ചത് 99 ലക്ഷം ബോട്ടിലുകളാണ്. ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്ന 630 ട്രെയിനുകളിലായി വെള്ളം വിറ്റഴിച്ച കണക്കാണിത്. ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ റെയിൽവേ വിറ്റഴിച്ചത്.
ഒരു ലിറ്റർ റെയിൽനീരിന്റെ നിലവിലെ നിരക്ക് 15 രൂപയാണ്. വന്ദേഭാരത്, ശതാബ്്ദി ട്രെയിനുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഇവയുടെ പണവും റെയിൽവേ ഈടാക്കുന്നുണ്ട്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമാണ് റെയിൽനീർ എന്ന പേരിലുള്ള കുപ്പിവെള്ളം വിൽക്കുന്നത്. 2003-ൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
രാജ്യത്ത് 14 ബോട്ടിലിംഗ് പ്ലാന്റുകളാണ് റെയിൽനീരിന് വേണ്ടി പ്രതിദിനം പ്രവർത്തിക്കുന്നത്. ഇവിടെ 18.40 ലക്ഷം ബോട്ടിലുകൾ ഓരോ ദിവസവും ഉത്പാദിപ്പിക്കുണ്ട്. കേരളത്തിൽ പാറശ്ശാലയിൽ ഉൾപ്പെടെ ആറ് ബോട്ടിലിംഗ് പ്ലാന്റുകളാണ് നിലവിലുള്ളത്. ചെന്നൈയിലെ പലൂർ പ്ലാന്റിൽ പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളമാണ് സജ്ജമാക്കുക. എന്നാൽ പാറശ്ശാലയിൽ പ്രതിദിനം 72,000 ബോട്ടിലുകളാണ് സജ്ജീകരിക്കുന്നത്.
കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാത്രം പ്രതിദിനം 4,500-ൽ അധികം ബോട്ടിലുകളാണ് യാത്രക്കാർക്ക് വേണ്ടി നൽകുന്നത്. ഒരു ദിവസം ഈയിനത്തിൽ റെയിൽവേയ്ക്ക് ലഭ്യമാകുന്നത് 65,000 രൂപയാണ്. അതേസമയം വെള്ളം വാങ്ങുന്നതിനായി റെയിൽവേ ചിലവഴിക്കുന്നതും കോടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: