കുമളി: പെരിയാര്‍ കടുവ സങ്കേതത്തിലെ പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിന് എത്തിയത് 15,534 ഭക്തര്‍. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നേതൃത്വം നല്കി.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു.
ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്യതീ സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളീയ രീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയാങ്കാവ് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള-തമിഴ്നാട് പോലീസ്, റവന്യൂ, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണമി ഉത്സവം നടത്തിയത്. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഇടുക്കി എഡിഎം ബി. ജ്യോതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത് തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: