തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൂരത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പോലീസിന്റെ അനാവശ്യ ഇടപെടല്‍ കാരണം ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കപ്പെട്ടതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൂരം പ്രതിസന്ധിയിലാക്കാന്‍ കമ്മിഷണറെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം ആവശ്യമാണ്. അങ്കിത് അശോകനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരുടെ പങ്കും പുറത്ത് കൊണ്ടുവരണം. പൂരം തടസപ്പെടുത്തിയ കമ്മിഷണര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം.
പൂരത്തിന്റെ ചടങ്ങുകള്‍ തടസപ്പെടുത്താന്‍ എല്ലാ വര്‍ഷവും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പൂരം തടസം കൂടാതെ നടത്താന്‍ ജനകീയ ഇടപെടല്‍ ആവശ്യമാണ്. പൂരം അലങ്കോലമാക്കാന്‍ ഒരു അദൃശ്യ ശക്തി പ്രവര്‍ത്തിച്ചുവെന്നും അത് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം കൊണ്ട് സാധിക്കില്ലെന്നും ബി. ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ആണ് പൂരത്തിന്റെ ആചാരങ്ങള്‍ നടത്താനുളള അവകാശം. സര്‍ക്കാരിനോ മറ്റ് സംവിധാനങ്ങള്‍ക്കോ പൂരത്തിന്റെ നടത്തിപ്പിന്റെ ചുമതല അനുവദിച്ചിട്ടില്ല. പൂരം തടസപ്പെടുത്താന്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നന്നിട്ടുണ്ട്.
ഇതിന്റെ വസ്തുതകളും സത്യവും പുറത്ത് കൊണ്ടുവരാന്‍ ഒരു സിറ്റിങ് ജഡ്ജിയോ അല്ലെങ്കില്‍ വിരമിച്ച ന്യായിധിപന്‍ അടങ്ങുന്ന കമ്മിഷനോ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകന് കൃഷ്ണദാസ് പി. നായര്‍ ആണ് റിട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: