സജ്ജനങ്ങളെ,
ലോകത്തിൽ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു സുപ്രസിദ്ധമായ ഭാരതത്തിന്റെ പതിനെട്ടാമതു ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവന്നിരിക്കുയാണ്. രാഷ്‌ട്രവും രാഷ്‌ട്രീയപ്പാർട്ടികളുമെല്ലാം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ 543 ലോകസഭാമണ്ഡലങ്ങളിലേക്ക് ഏഴുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനം ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയുമായിരിക്കുന്നു.
2024 ജൂൺ 4 ന് ഫലം വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ പ്രക്രിയയിൽ ഭാരതത്തിലെ നൂറ്റിനാല്പത്തിമൂന്നിലേറെ കോടി ജനങ്ങളിൽ (2023 ഏപ്രിലിൽ 142 കോടി 57 ലക്ഷത്തിലേറെയായിരുന്നു ജനസംഖ്യ) തൊണ്ണൂറ്റി ആറോളം കോടി പൗരർക്കായിരിക്കണം വോട്ടവകാശം. (2023 ജനുവരിയിൽ 94,50,25,694 പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്). അതായത്, ജനസംഖ്യയുടെ 67 ശതമാനത്തോളം പേർക്കായിരിക്കണം വോട്ടവകാശം.
ഇതുവരെയായുള്ള ഏറ്റവും കൂടിയ വോട്ടിംഗ് ശതമാനം 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലാണുണ്ടായത്. ആ വർഷം 67.4 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത്, മൊത്തം ജനസംഖ്യയുടെ ഏകദേശം 45 ശതമാനത്തോളം പേരേ വോട്ടു രേഖപ്പെടുത്തുന്നുള്ളൂ എന്നർത്ഥം. ജനപ്രാതിനിധ്യം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെങ്കിൽ വോട്ടവകാശമുള്ള പരമാവധി പേരും വോട്ടു ചെയ്‌തേ മതിയാവൂ. വോട്ട് ചെയ്യണം എന്നതുപോലെ തന്നെ പ്രധാനമാണ് ആർക്കായിരിക്കണം തന്റെ സമ്മതിദാനം സമർപ്പിക്കേണ്ടത് എന്ന നിശ്ചയവും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ കഴിവും രാഷ്‌ട്രതാത്പര്യത്തിനനുസരിച്ചു പ്രവർത്തിക്കുമെന്ന് ഉത്തമവിശ്വാസവുമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തി വിജയിപ്പിച്ച് രാഷ്‌ട്രത്തിന്റെ അഖണ്ഡതയും സുസ്ഥിരതയും ഐശ്വര്യവും നിലനിർത്താൻ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നത് ഓരോ പൗരന്റെയും കർത്തവ്യമത്രെ. സാധാരണജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ തൊഴിൽ, ആഹാരം, പാർപ്പിടം, ആരോഗ്യസംരക്ഷണം, സുരക്ഷ തുടങ്ങിയവയിലാരംഭിച്ച് ഭരണമികവിലൂടെ മികച്ച മാതൃകകൾ സൃഷ്ടിക്കുകയും രാഷ്ടത്തെ സകലപ്രതിസന്ധികളെയും തരണം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന മാതൃകാപരമായ ഭരണവൈദഗ്‌ദ്ധ്യം ഉള്ള ഭരണകൂടമാണ് രാഷ്‌ട്രത്തിന്റെ ആവശ്യം. ശക്തമായ നേതൃപാടവവും ആശയദൃഢതയും ഐക്യവും ഉള്ള കൂട്ടായ്‌മയായിരിക്കണം തങ്ങളുടെ ഭരണകർത്താക്കൾ എന്നാണു പൗരർ സങ്കൽപ്പിക്കേണ്ടത്, അതിനനുസരിച്ചായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
ചെറുതും വലുതുമായി ഏതാണ്ട് രണ്ടായിരത്തിലേറെ രാഷ്‌ട്രീയപ്പാർട്ടികൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ആശയപരമായി ഭിന്നചേരികളിൽ നിൽക്കുന്നവർ പോലും അധികാരക്കൊതിയോടെ തെരഞ്ഞെടുപ്പുസമയത്ത് കൂട്ടുമുന്നണികളുണ്ടാക്കി പലവിധം ഒന്നിക്കുന്നത് നാം സ്ഥിരമായി കണ്ടുവരുന്നതാണ്. വിവിധസംസ്ഥാനങ്ങളിൽ വിരുദ്ധപക്ഷങ്ങളിലിരിക്കുന്നവരും പരസ്പരം എതിർത്തു മത്സരിക്കുന്നവരും രാജ്യതലത്തിൽ ഒറ്റമുന്നണിയിൽ ചേക്കേറുന്ന പൊതുപദ്ധതിയില്ലായ്‌മയും നാം കാണുന്നു.
വ്യതസ്തമതങ്ങളും ഭാഷകളും വേഷഭൂഷാഹാരരീതികളും വിഹാരവൈവിദ്ധ്യങ്ങളും കലാസാംസ്കാരികമാനങ്ങളും സാമൂഹ്യപശ്ചാത്തലങ്ങളും ഭൂപ്രകൃതികാലാവസ്ഥാവൈവിധ്യങ്ങളും ഒക്കെയുള്ള ഒരു രാജ്യത്തെ ജനങ്ങളെ ഭരണപരമായി ഏകോപിപ്പിച്ചും പ്രേരിപ്പിച്ചും മുന്നോട്ടു കൊണ്ടു പോവുക എന്നതു വളരെ ദുഷ്കരമായ പ്രവൃത്തിയാണ്. അതു കേവലം തന്റെ മാതൃഭൂമിയാണ് ഭാരതം എന്നും ഇവിടത്തെ ജനത ഏകോദരസഹോദരരാണെന്നുമുള്ള ഏകത്വഭാവനയിൽ മാത്രം ഊന്നിനിൽക്കുന്നതാണ്. ബാഹ്യവൈവിധ്യങ്ങൾക്കെല്ലാം അന്തർധാരയായി നിലകൊള്ളുന്ന സാംസ്കാരികൈകത്വം എന്ന അടിത്തറയിലാണ് നാം ഒരു രാഷ്‌ട്രമായി നിലനിൽക്കുന്നതും വളരുന്നതും. അതിനാൽത്തന്നെ മതാനുസാരിയും ഭാഷാനുസാരിയും പ്രാദേശികഭേദാനുസാരിയുമായ സകലവ്യത്യാസങ്ങൾക്കുമപ്പുറത്ത് രാഷ്‌ട്രചേതനയുടെ ഭാഗധേയം എല്ലാ വൈവിധ്യങ്ങളെയും അംഗീകരിച്ചു കൊണ്ടുള്ള രാഷ്‌ട്രത്തനിമയുടെ ബോധത്തിലാണ് നിലകൊള്ളുന്നത്. ഈ ഒരു ഭാവനയാൽ മാത്രമാണ് നാം പ്രതിസന്ധികളെ തരണം ചെയ്തും പ്രയോഗക്ഷമതയാർജിച്ചും മുന്നേറുന്നത്.
വംശീയ- ഭാഷാ- മതഭേദങ്ങൾക്കടിമപ്പെട്ട് പലവിധ സാമാജികമുന്നേറ്റങ്ങളും പ്രാദേശികവാദങ്ങളും വിഘടനശബ്ദമുയർത്തിക്കൊണ്ട് ഉയർന്നു വരുമ്പോഴും ക്രമേണ അവയൊക്കെ ഈ ബോധഭാവനായാൽ ശക്തി ക്ഷയിച്ച് രാഷ്‌ട്രാത്മാവിങ്കൽ ലയിക്കുന്നതായാണനുഭവം.
ചിലപ്പോഴൊക്കെ സർക്കാരുകളുടെ രൂപീകരണത്തിൽ മേൽ സൂചിപ്പിച്ച വിഘടനശക്തികൾ സ്വാധീനം ചെലുത്തുന്നതായും ചിലയിടങ്ങളിലെങ്കിലും വിജയം കൈവരിക്കുന്നതായും നാം കാണുന്നു. അവയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നിലനിൽക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽ പലതും ദേശീയപ്രസ്ഥാനങ്ങൾ എന്ന് പറയപ്പെടുന്നവയാണെങ്കിലും ഈ പ്രവൃത്തികളാൽ തുടർന്നും ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ കഴിയില്ലെന്നതിനാൽ ദേശീയപ്രസ്ഥാനങ്ങളെ ഇകഴ്‌ത്തി കെട്ടേണ്ടത് ഇവരുടെയും ആവശ്യമായി വരുന്നു. പ്രത്യയശാസ്ത്രപരമായി യാതൊരു തത്വദീക്ഷയുമില്ലാതെ ഇങ്ങനെയുള്ളവർ ഒന്നിച്ച് പ്രവർത്തിക്കുകയും അതിനെ ബഹുസ്വരത എന്ന ഓമനപേരിട്ട് താത്വികവത്ക്കരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. സ്വന്തം നിലനിൽപിന്നായി ചേരി തിരിഞ്ഞ് പോരാടുന്ന ഈ രീതി യഥാർത്ഥ ജനാധിപത്യത്തിന്റെ ഹത്യയെന്നു നിസ്സംശയം പറയാം.
ഭാരതം അതിന്റെ ജ്ഞാനവിജ്ഞാനവൈഭവം കൊണ്ടും വിഭവവൈവിധ്യസമ്പന്നതകൊണ്ടും എക്കാലത്തും ലോകത്തെ അതിശയിപ്പിച്ച രാഷ്‌ട്രമാണ്. ജ്ഞാനവിജ്ഞാനങ്ങൾ സമൂഹത്തിന്റെ മുഖ്യമുഖമുദ്രയായി നിലനിന്നിരുന്ന കാലത്ത് അതിനനുസരിച്ച വിശാലമനോഭാവവും അതാർജ്ജിച്ചിരുന്നു. ഇവിടെ ഉദയം ചെയ്ത രാജനൈതികമതഭാവനകളെല്ലാം ധർമാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർഥങ്ങളുടെ യഥാതഥമായ വീക്ഷണത്തിന് അനുഗുണമായിരുന്നു. ഭോഗത്യാഗങ്ങൾക്ക് യഥാസ്ഥാനങ്ങൾ നൽകിയ ജനതയെ ലോകം അത്ഭുതാദരവോടെയാണ് നോക്കി കണ്ടത്. എന്നാൽ മതാധിനിവേശങ്ങളും വൈദേശികാധിപത്യവും സ്വത്വബോധത്തിൽനിന്നകന്ന വിദ്യാഭ്യാസഭരണപ്രക്രിയകളും മറ്റും നമ്മുടെ മനോഭാവത്തിനു മാറ്റം വരുത്തി. അവ വിലാസപ്രിയവും ഭോഗലാലസവുമായ ജീവിതക്രമത്തോട് സമൂഹമനസ്സിനെ ബന്ധിപ്പിക്കാനിടയാക്കി. ഈ പരിവർത്തനത്തിനിടയിൽ മൂല്യാധിഷ്ഠിതമായ സമൂഹരചനക്ക് ഭംഗം വന്നതോടൊപ്പം ഭരണക്രമത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങേറി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അഴിമതിമുക്തഭരണം എന്നത് ഒരു സ്വപ്നമായി പോലും പരിണമിച്ചു.
സാമൂഹ്യനവോത്ഥാനപ്രക്രിയകളിൽ നിരന്തരം ജനങ്ങളോടൊപ്പം നിന്ന് അവരെ മുന്നോട്ടു നയിക്കേണ്ട രാജനൈതികപ്രസ്ഥാനങ്ങളിൽ പലതും സംഘടിതശക്തികൊണ്ട് വിഭാഗീയത സൃഷ്ടിച്ച് തങ്ങളുടെ ആശയം പ്രാവർത്തികമാക്കാമെന്ന് ധരിക്കുന്ന വിഘടനവാദികളുടെയും കൂട്ടാളികളുടെയും വിഹാരഭൂമിയായി. അവർ അടിസ്ഥാനവിശ്വാസപ്രമാണങ്ങളോട് ഒരല്പവും വിധേയത്വമില്ലാതെ അത്തരം വിഭജനപ്രസ്ഥാനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. രാഷ്‌ട്രവിരുദ്ധരുടെ കൂടെ ചേർന്ന് രാജ്യലാഭം കൊയ്യാമെന്ന ധാരണയോടെ അനേകം രാജനൈതിക പ്രസ്ഥാനങ്ങൾ പല മുന്നണികളുടെയും ഭാഗമാകുന്നതും നാം കാണുന്നു. ഇതിലൂടെ പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്നത് ഒരു രാഷ്‌ട്രം ഒരു ജനത എന്ന ഭാവാത്മകസമീപനമാണ്.
ജനാധിപത്യസംവിധാനത്തിൽ ഭാഗമായുള്ള ഭരണപക്ഷ- പ്രതിപക്ഷങ്ങൾ ഭാവാത്മകങ്ങളായ രാഷ്‌ട്രിയസംവാദങ്ങളുടെയും ക്രിയാത്മകമായ സഹയോഗങ്ങളുടെയും ഉദാത്തമാതൃകകളാവേണ്ടതാണ്. എന്നാൽ പലപ്പോഴും എന്തും എതിർക്കപ്പെടേണ്ടതാണ് എന്ന ധാരണയിൽ രാഷ്‌ട്രവിരുദ്ധപ്രവർത്തനങ്ങളിലേക്കും പ്രതിലോമശക്തികളുമായുള്ള കൂട്ടുകെട്ടുകളിലേക്കും വരെ എത്തി നിൽക്കുന്ന ദയനീയാവസ്ഥയും നാം ഇവിടെ കാണുന്നു. ചില വിദേശശക്തികളുടെ താല്പര്യസംരക്ഷണമാണോ പിന്നിലെ ചേതോവികാരമെന്നുവരെ സംശയിക്കാവുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വരെ നാം കാണുന്നു. പണം വാങ്ങി ചോദ്യം ചോദിക്കുന്നതുപോലും എതിർക്കാൻ പാടില്ലെന്നിടത്തു വരെ സ്ഥിതികൾ എത്തിനിൽക്കുന്നു.
ഭാരതത്തെ സ്നേഹിക്കുകയും ഭാരതീയതയെ ആത്മാവിനോടു ചേർത്ത് പുണരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പൗരനെ സംബന്ധിച്ച് വരുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രം എട്ടാം ദശകത്തിലെത്തിനിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ കാലത്തെ സർക്കാരുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാരതത്തിന് അനുഗുണമായതിനെ തെരഞ്ഞെടുക്കാനും ഈ അവസരം നാം വിനിയോഗിക്കണം. ഇന്ന് ഭാരതം ലോകത്തിലെ പ്രഥമഗണനീയ സ്ഥാനം അലങ്കരിക്കുന്ന ഒരു രാഷ്‌ട്രമാണ്. കോവിഡനന്തര ലോകക്രമം സാമ്പത്തികമായി പിടിച്ചുനിൽക്കാൻ ക്ലേശിക്കുമ്പോൾ ഭാരതം ശക്തമായി മുന്നോട്ടുപോകുന്ന കാഴ്ച അദ്‌ഭുതാവഹമാണ്. സാമ്പത്തികമായും സൈനികമായും മറ്റും ഒരു കാലത്ത് നമ്മെ അടക്കിഭരിച്ച കൊളോണിയൽ രാജ്യത്തെക്കാൾ മുന്നിലാണു നാമിപ്പോൾ. ഗതാഗതസംവിധാനമടക്കമുള്ള അടിസ്ഥാനവികസനകാര്യത്തിലും വിഭവസമാഹരണവിതരണശൃംഖയിലും ഉള്ള ഉണർവിനാൽ നാം ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സമൂഹത്തിലെ അടിസ്ഥാനസമൂഹങ്ങളുടെ ശാക്തീകരണത്തിലും മികച്ച പ്രവർത്തനം നടത്താൻ നമുക്ക് കഴിയുന്നു. നമ്മുടെ പൈതൃകങ്ങളുടെ വീണ്ടെടുപ്പിലൂടെയും അധിനിവേശശക്തികളേൽപ്പിച്ച മുറിപ്പാടുകളെ ഉണക്കുന്നതിലൂടെയും രാഷ്‌ട്രമാകമാനം ഒരു നവചൈതന്യം ഉണർന്നിരിക്കുന്നു. സാധാരണപൗരരുടെ ഇടയിലുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, ഇടത്തട്ടുകാരെ ഒഴിവാക്കിക്കൊണ്ടുള്ള ആനുകൂല്യവിതരണങ്ങൾ, സാമ്പത്തികരംഗത്തെ ശുദ്ധീകരിക്കുന്നതിനുള്ള ധീരതയാർന്ന നടപടികൾ, മികവുറ്റ വിദേശകാര്യ-സൈനിക-വ്യവസായനങ്ങൾ എന്നിവയാലെല്ലാം ത്വരിതഗതിയിൽ നാം ക്ഷേമരാഷ്‌ട്രമായുയരുന്നു. എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിച്ച് ഒരാത്മനിർഭരരാഷ്‌ട്രമായി മാറാനുള്ള പരിശ്രമം അവിരാമം നടക്കുന്നു. അതിലൂടെ എല്ലാ അർത്ഥത്തിലും ശ്രേഷ്ഠഭാരതസാക്ഷാത്കാരത്തിലേക്ക് കടക്കാൻ നമുക്കാവുമെന്ന വിശ്വാസം വർദ്ധിച്ചിരിക്കുന്നു.
ശാസ്ത്ര- സാങ്കേതിക രംഗത്തും വിവര- സാങ്കേതിക രംഗത്തും ആഹ്ളാദകരമായ മുന്നേറ്റത്തിലൂടെ കടന്നു പോവുന്ന നമ്മെ ലോകരാഷ്‌ട്രങ്ങൾ അസൂയാവഹമായി വീക്ഷിക്കുകയാണ്.
ഇരുളടഞ്ഞതോ മനുഷ്യവിഭവശേഷിയെയും കർമ്മകുശലതയെയും നേരായ വഴിയിൽ നയിക്കാതിരുന്നതോ ആയ പൂർവ്വകാലത്ത് നിന്ന് അഴിമതിയുടെ നേർത്ത കറപോലും പുരളാതെ അവിശ്രമമായി രാഷ്‌ട്രനേതൃത്വം പ്രവർത്തിച്ചതിന്റെ സദ്ഫലമാണ് നമുക്കിന്ന് ലഭിക്കുന്ന ലോകസ്വീകാര്യതയും അഭിമാനവും. അവിടെ നേരത്തെ സൂചിപ്പിച്ച വിഭജന- വിഘടന ശക്തികൾക്കവസരം നൽകാതെ ഭാരതീയ പൗരർ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് നാം കാണുന്നത്.
എല്ലാ മേഖലകളിലും എല്ലാ തരത്തിലുമുള്ള വികാസവും വിജയവും കൈവരിച്ച് നിൽക്കുമ്പോഴെ നാം ശാശ്വതമായി അഖണ്ഡവും ഐശ്വര്യയുക്തവുമായ രാഷ്‌ട്രമായി നിലനിൽക്കുകയുള്ളൂ. സ്വാശ്രയ ഭാരതത്തിൽ നിന്നും ശാശ്വതഭാരതത്തിലേക്കുള്ള പ്രയാണത്തിന്റെ ചവിട്ടുപടിയായി ഈ തെരഞ്ഞെടുപ്പിനെക്കണ്ട് രാഷ്‌ട്ര ചേതനയുടെ അവിരാമമായ ഒഴുക്കിനെ വളർത്തുന്നതിനുതകുന്ന ഒന്നായി ഈ വരുന്ന ലോകസഭാതെരഞ്ഞെടുപ്പ് മാറാൻ നാം യത്നിക്കണം. ഹൈന്ദവസങ്കല്പങ്ങളെയും പൂജാബിംബങ്ങളെയും അപമാനിക്കുകയും ദേവാലയങ്ങളുടെ ഭരണത്തിലൂടെ പോലും ഹിന്ദുവിരുദ്ധത പ്രവർത്തിക്കുകയും, ഹിന്ദുവിന്റെ ഭാവത്തെ മലേറിയയെയും ഡെങ്കുപ്പനിപോലെയും കണക്കാക്കുകയും ഹൈന്ദവശക്തിയെ ഇല്ലാതാക്കുന്നത് ലക്ഷ്യമായി പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്നവർക്ക് തങ്ങളുടെ വോട്ടില്ലെന്നും ഹിന്ദുവിനെതിരായ വിപരീതവിവേചനം അവസാനിപ്പിക്കുന്നവർക്കേ തങ്ങളുടെ വോട്ടുള്ളൂ എന്നും പറയുന്ന സ്ഥിതിയിലേക്ക് ഹൈന്ദവചേതന വോട്ടുബാങ്കായി ഉയരണം. ഈ ഉണർച്ചയുള്ള സമാജസൃഷ്ടിക്കായി നമുക്ക് അവിശ്രമം യത്നിക്കാം.
ക്ഷേമാശംസകളോടെ,
സ്വാമി ചിദാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: