ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ചതായുള്ള ആരോപണത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 28 കാരിയായ വിവാഹിതയായ യുവതിയെ പേഴ്സണല്‍ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായാണ് പരാതി.
28കാരി തന്നെയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പോലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ഇര.
ഭാര്യയുടെ കണ്മുന്നില് വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും നെറ്റിയില്‍ കുങ്കുമം ധരിക്കാതെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു. റഫീക്ക് എന്നയാളാണ് യുവതിയെ ആക്രമിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. ഇയാള്‍ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും യുവതി ആരോപിച്ചു.
റഫീക്കും ഭാര്യയും ചേര്‍ന്ന് യുവതിയെ ബെളഗാവിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് അവര്‍ പറയുന്നതെന്തും അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുടെ കണ്മുന്നില് വെച്ച് റഫീക്ക് തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചതായി ബെളഗാവി എസ്പി ഭീമശങ്കര്‍ ഗുലേദ പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ ദമ്പതികള്‍ യുവതിയോട് കുങ്കുമം ധരിക്കരുതെന്ന് ആവശ്യപ്പെടുകയും ബുര്‍ഖ ധരിക്കാനും ദിവസവും അഞ്ച് തവണ നമസ്കരിക്കാനും നിര്‍ബന്ധിച്ചു. തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും പിന്നാക്ക ജാതിയില്‍പ്പെട്ടതിനാല്‍ മറ്റൊരു മതത്തിലേക്ക് മാറണമെന്ന് പ്രതി പറഞ്ഞതായും യുവതി ആരോപിച്ചു.
ഭര്‍ത്താവുമായി വിവാഹമോചനം നേടാന്‍ റഫീക്ക് ആവശ്യപ്പെടുകയും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തന്റെ അടുത്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. മതം മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ദമ്പതികള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ സൗന്ദത്തിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതസ്വാതന്ത്ര്യത്തിനുള്ള കര്‍ണാടക സംരക്ഷണ നിയമം, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, എസ്സി,എസ്ടി ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവിലിടല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: