ദുബായ് : ഈ വർഷം ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ഉപയോഗിച്ച് കൊണ്ട് ലൂവർ അബുദാബി മ്യൂസിയം, ഖസ്ർ അൽ ഹൊസൻ എന്നിവ ഓരോ തവണ സൗജന്യമായി സന്ദർശിക്കുന്നതിന് അവസരം നൽകുന്ന പദ്ധതി തുടർച്ചയായി രണ്ടാം വർഷവും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓരോ ടിക്കറ്റിനും ഇവ സന്ദർശിക്കുന്നതിന് രണ്ടാഴ്ച കാലാവധിയാണ് അനുവദിക്കുന്നത്. അബുദാബി പുസ്തകമേള സന്ദർശിക്കുന്നവർക്ക് ‘റൂഫുഫ്’ പ്ലാറ്റ്ഫോമിലേക്ക് മുപ്പത് ദിർഹം ഫീസ് നൽകികൊണ്ട് മൂന്ന് മാസത്തേക്ക് വരിക്കാരാകുന്നതിനുള്ള പ്രത്യേക അവസരവും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മേളയിലേക്കുള്ള ടിക്കറ്റ് ഉപയോഗിച്ച് ‘സ്റ്റോറിടെൽ’ പ്ലാറ്റ്ഫോമിലേക്കുള്ള വാർഷിക വരിസംഖ്യയിൽ 60 ശതമാനം വരെ കിഴിവ് നേടാവുന്നതുമാണ്.
2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: