ന്യൂദൽഹി: വിദേശരാജ്യങ്ങളിൽ യാത്രികരുടെ പ്രിയമായി മാറിയ ഒന്നാണ് എയർടാക്സി സംവിധാനം. ഇപ്പോഴിതാ ഇത് ഇന്ത്യയിലും യാഥാർത്ഥ്യമാകാനൊരുങ്ങുകയാണ്. ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃകമ്പനി ഇന്റർഗ്ലോബ് എന്റർപ്രൈസ് ആണ് എയർടാക്സി അവതരിപ്പിക്കുന്നത്. പൂർണമായും വൈദ്യുതിയുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്നവയാണ് എയർടാക്സി.
2026-ഓടെ എയർടാക്സിയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാകും ആദ്യ സർവീസ് ആരംഭിക്കുക. ആദ്യ യാത്ര ദൽഹിയിലേക്കാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 27 കിലോമീറ്ററാണ് ഈ റൂട്ടിൽ സഞ്ചരിക്കാനെടുക്കുന്ന ദൂരം. ഒന്നരമണിക്കൂറാണ് ഇവിടെയെത്താനെടുക്കുന്ന സമയം. എന്നാൽ എയർ ടാക്സിയിലൂടെ ഏഴ് മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താനാകും.
ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷനേടാമെന്നതിന് പുറമെ കാർ ടാക്സി നിരക്കുകളെ അപേക്ഷിച്ച് ചെറിയ വ്യത്യാസം മാത്രമാണുള്ളത്. നിലവിൽ 1,500 രൂപയാണ് നിരക്ക് വരുന്നത്. എന്നാൽ എയർ ടാക്സിയിൽ 2,000-3000 രൂപ നിരക്കിൽ വരെ യാത്ര ചെയ്യാനാകും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷൻ ആണ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്-ഓഫ് ആൻഡ് ലാൻഡിംഗ് എയർക്രാഫ്റ്റ് സജ്ജമാക്കുന്നത്.
നാല് പേർക്ക് വരെയാണ് എയർടാക്സിയിൽ യാത്ര ചെയ്യാനാകുന്നത്. ഹെലികോപ്ടറുമായി ഇതിന് സാമ്യമുണ്ടെങ്കിലും വളരെ ചെറിയ ശബ്ദമായിരിക്കും ഇതിനുണ്ടാകുക. കൂടാതെ ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ആറ് ബാറ്ററികളാണ് ഇവയിൽ ഉണ്ടാകുക. ചാർജ് ചെയ്യുന്നതിനായി 30 മുതൽ 40 മിനിറ്റ് വരെ സമയമെടുക്കും. വൈകാതെ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: