തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂരത്തലേന്ന് ഇതിനുള്ള ആസൂത്രണം നടന്നുവെന്നാണ് സൂചന. 3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്. പൂരത്തലേന്ന് പോലീസുകാരുടെ യോഗത്തില്‍ പൂരച്ചടങ്ങുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവരിച്ച് കൊടുക്കുന്ന പതിവുണ്ട്. ഇക്കൊല്ലം അത് ഒഴിവാക്കി. എന്താണ് പ്രധാന ചടങ്ങുകള്‍ എന്നോ പൂരങ്ങള്‍ കടന്നുവരുന്ന വഴിയേതെന്നോ അറിയാതെ പോലീസുകാര്‍ നട്ടംതിരിഞ്ഞു.
പൂരത്തിന് രാവിലെ മുതല്‍ ഈ അനിശ്ചിതത്വം പ്രകടമായിരുന്നു. പലയിടത്തും തര്‍ക്കങ്ങളുണ്ടായി. പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിക്കാനായിരുന്നു കമ്മീഷണറുടെ നിര്‍ദ്ദേശം. പൂരത്തെക്കുറിച്ച് അറിയാവുന്ന പല സീനിയര്‍ ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാനായിരുന്നു ഇത്. ആരോപണവിധേയനായ കമ്മീഷണര്‍ അങ്കിത് അശോകനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കമ്മീഷണറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കണമെന്ന് എല്ലാ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. സ്ഥലം മാറ്റത്തിലൊതുക്കാനാണ് നീക്കം. അതേസമയം കമ്മീഷണര്‍ക്കൊപ്പം അസി. കമ്മീഷണര്‍ കെ. സുദര്‍ശനനെ സ്ഥലംമാറ്റാനുള്ള തീരുമാനത്തില്‍ പോലീസിനുള്ളില്‍ പ്രതിഷേധമുണ്ട്. കമ്മീഷണര്‍ പലവട്ടം പ്രകോപനമുണ്ടാക്കിയിട്ടും സുദര്ശനന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഓഫീസര്‍മാരുടെ സംയമനമാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോകാതെ കാത്തത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അനിഷ്ട സംഭവങ്ങള്‍ ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണെന്ന് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് സുരേഷ് ഗോപിയായിരുന്നു. വെറുമൊരു പോലീസുകാരന്റെ വിക്രിയകളല്ല അവിടെ നടന്നത്. ആരുടേയോ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജുഡീ. അന്വേഷണമാണ് അഭികാമ്യം. ആചാരങ്ങള്‍ മാത്രമല്ല ജനങ്ങളുടെ അവകാശങ്ങളും നിഷേധിക്കപ്പെട്ടു, സുരേഷ് ഗോപി പറഞ്ഞു.
പൂരം നടത്തിപ്പ് ദേവസ്വങ്ങള്‍ക്ക് പൂര്‍ണമായി വിട്ടുനല്‍കണമെന്നും പോലീസ് സുരക്ഷയുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍മേനോനും സെക്രട്ടറി കെ. ഗിരീഷ്കുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു. പൂരത്തില്‍ രാഷ്ട്രീയം കലക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കമ്മീഷണര്‍ അങ്കിത് അശോകനെതിരായ നടപടി രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു. എന്നാല്‍ എസിപി സുദര്ശന് തങ്ങളോട് പൂര്‍ണമായി സഹകരിച്ച ഉദ്യോഗസ്ഥനാണെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: