വണ്ടൂര്‍: കേരളത്തില്‍ രാഷ്ട്രീയ മാറ്റം വിദൂരത്തല്ലെന്നും കോണ്‍ഗ്രസ്സിനെയും, കമ്യൂണിസ്റ്റിനെയും കെട്ടുകെട്ടിച്ച് 2026ല്‍ കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പ്രചരാണാര്‍ത്ഥം വണ്ടൂരില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 മുന്‍പ് ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് പറഞ്ഞാല്‍ അന്ന് ആരും അംഗീകരിക്കില്ലായിരുന്നു. 36 ശതമാനം മുസ്ലിം സമുദായം ഉള്ള സംസ്ഥാനമാണ് ആസാം. അവിടെ രണ്ട് തവണ ബിജെപി അധികാരത്തില്‍ വന്നു. അതും 100ല്‍ അധികം സീറ്റുമായി.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണ് ബിജെപി. എല്ലാവരുടെയും വികസനത്തിന് വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്. സിപിഎമ്മും, കോണ്‍ഗ്രസ്സും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് നാടകമാണ്. ദല്‍ഹിയിലും ബംഗാളിലും തമിഴ് നാട്ടിലും ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തില്‍ മാത്രം അവര്‍ മത്സരത്തിന്റെ പേരില്‍ നാടകം കളിക്കുകയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്. അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശുകാര്‍ തോല്‍പ്പിച്ച് വിട്ടയാള്‍ കേരളത്തില്‍ നിന്ന് ജയിച്ചാല്‍ കേരളത്തിന് അത് അപമാനമാണ്. കേരളത്തില്‍ പെട്രോളിന് 106 രൂപയാണ്. എന്നാല്‍ ആസാമില്‍ 97 രൂപയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ 50 ശതമാനമുണ്ട്. എന്നാല്‍ കേരളത്തില്‍ ഒമ്പത് മുതല്‍ 10 വരെയാണ്. മോദിയുടെ കീഴില്‍ അഞ്ചാമത് വികസിത ശക്തിയായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രനെ കൂടാതെ മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, അഡ്വ. വി.പി. ശ്രീപത്മനാഭന്, ഷിനോജ് പണിക്കര്‍, രശ്മില് നാഥ് തുടങ്ങിയവരും റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: