കൊച്ചി: കേരളത്തിലെത്തുമ്പോള്‍ രാഹുല്‍ ചോദിക്കുന്നത് എന്തു കൊണ്ടാണ് പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാത്തത് എന്നാണ്. കുറച്ചുനാള്‍ മുന്‍പ് ചോദിച്ചിരുന്നത് എന്തുകൊണ്ട് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്യുന്നില്ല എന്നായിരുന്നു. അദ്ദേഹത്തെ അറസ്റ്റു ചെയ്തപ്പോള്‍ രാഹുല്‍ കെജ്രിവാളും പ്രത്യേക സ്നേഹത്തിലായി. പിണറായി വിജയനെ അറസ്റ്റു ചെയ്താലും ഇരുവരും ഈ സ്നേഹത്തിലാകും. പിണറായി വിജയന്റെ അറസ്റ്റിനെ പരസ്യമായി പിന്തുണക്കാന്‍ രാഹുലും കോണ്‍ഗ്രസും തയ്യാറായാല്‍ അധികം താമസിയാതെ പിണറായി വിജയനും അറസ്റ്റിലാകും.
അതല്ലാതെ കേരളത്തില്‍ തമ്മിലടിയും ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ സഖ്യകക്ഷികളുമായി മത്സരിച്ച് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദബിശ്വാസ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
തൃപൂണിത്തുറ ലായം കൂത്തമ്പലത്തില്‍ എന്‍ഡിഎ പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിന്റെ പേരില്‍ കേരളത്തില്‍ അനാവശ്യ പ്രചാരണം നടക്കുകയാണ്. രണ്ട് ഗോത്ര വര്‍ഗ്ഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ ഹിന്ദു-ക്രിസ്ത്യന്‍ കലാപമായി ചിത്രീകരിക്കുവാനാണ്. കേരളത്തില്‍ ശ്രമം നടക്കുന്നത്.
മണിപ്പൂരിലെ രണ്ടു സീറ്റുകളും ബി ജെ പി നേടുമെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റുകളില്‍ 23 എണ്ണവും ബിജെപി നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ സമ്പത്ത് ഏതെങ്കിലും ഒരു വിഭാഗത്തിന് അവകാശപ്പെട്ടതല്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പോലും വളച്ചൊടിക്കുന്നു. ഈ നാടിന്റെ സമ്പത്ത് ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആണെന്നു പറഞ്ഞാല്‍ അതെങ്ങനെ വര്‍ഗീയമാകും അദ്ദേഹം ചോദിച്ചു.
ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, നേതാക്കളായ ടി.പി.സിന്ധുമോള്‍, എസ്. സജി, കെ.വി.സാബു, പി.എല്‍ ബാബു, യു. മധുസൂദനന്, രാധികവര്‍മ്മ കെ.എസ്. ഉദയകുമാര്‍, മണ്ഡലം പ്രസിഡന്റ്് അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: