ന്യൂദല്‍ഹി: രാഷ്‌ട്രപതി ഭവനില്‍ ചേര്‍ന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പദ്മപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു, നര്‍ത്തകി ഡോ. പത്മസുബ്രഹ്മണ്യം എന്നിവര്‍ പദ്മ വിഭൂഷണ്‍ ഏറ്റുവാങ്ങി. സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥകിനുവേണ്ടി ഭാര്യ അമോല പഥക് പദ്മവിഭൂഷണ്‍ സ്വീകരിച്ചു.
നടന്‍ മിഥുന്‍ ചക്രവര്‍ത്തി, ഗായിക ഉഷ ഉതുപ്പ്, വ്യവസായി ഡോ. സീതാറാം ജിന്‍ഡാല്‍, മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, ഡോ. തേജസ് മധുസൂദനന്‍ പട്ടേല്‍, ദത്താത്രേയ അംബാദാസ് മായാലു, ഡോ. ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍ എന്നിവര്‍ പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മലയാളികളായ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍ എന്നിവര്‍ പദ്മശ്രീ സ്വീകരിച്ചു. 132 പേര്‍ക്കാണ് 2024ല്‍ പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് പദ്മവിഭൂഷണ്‍, ഏഴ് പദ്മഭൂഷണ്‍, 56 പദ്മശ്രീ പുരസ്‌കാരങ്ങളുമാണ് ഇന്നലെ സമ്മാനിച്ചത്. ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ അടുത്തഘട്ടത്തില്‍ സമ്മാനിക്കും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: