Categories: World

സിറിയയിലെ യുഎസ് സൈനിക താവളത്തില്‍ ഇറാഖ് ആക്രമണം

Published by

ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയിലെ അമേരിക്കയുടെ സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം. ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മുഹമ്മദ് ഷിയ അല്‍ സുഡാനി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് യുഎസ് സേനക്കെതിരെ ആക്രമണം പുന:രാരംഭിക്കാന്‍ സായുധ ഗ്രൂപ്പുകള്‍ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു. ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

അഞ്ച് മിസൈലുകളാണ് ഇറാഖില്‍ നിന്ന് സിറിയയില്‍ പതിച്ചത്. ഫെബ്രുവരിക്ക് ശേഷം ആദ്യമാണ് ആക്രമണമുണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഘടിപ്പിച്ച ഒരു ട്രക്ക് സുമ്മര്‍ അതിര്‍ത്തിയില്‍ കണ്ടെത്തി. ഇത് കത്തിനശിച്ച നിലയിലാണ്. യുഎസ് നടത്തിയ പ്രത്യാക്രമണമാണത്തിലാണോ ട്രക്ക് തകര്‍ന്നതെന്ന് വ്യക്തമല്ല.

സ്‌ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധവിമാനങ്ങള്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം നടത്താതെ ആക്രമണം യുഎസ് നടത്തിയതാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ഇറാഖ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഇറാഖിലെ ഒരു സൈനികതാവളത്തില്‍ വലിയ സ്‌ഫോടനം നടന്നിരുന്നു. ഇതില്‍ ഒരു ഇറാഖി സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by