കുടുംബസ്വത്തില്‍ കിട്ടിയ 40 സെന്റ് ഭൂമിയില്‍ വളരെ പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറിയ ക്ഷേത്രമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായിട്ടു പൂജയൊന്നും ചെയ്യുന്നില്ല. ഈ ക്ഷേത്രത്തിനകത്തു വിഗ്രഹമൊന്നും തന്നെയില്ല. ഇതിനടുത്തായാണ് വീടുപണിയാന്‍ ഉദ്ദേശിക്കുന്നത്. ക്ഷേത്രമിരിക്കുന്ന ഭാഗം പൊളിച്ചു കളയുന്നതില്‍ തെറ്റുണ്ടോ? വിധിപ്രകാരം എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ?
കുടുംബസ്വത്തായി കിട്ടിയ 40 സെന്റ് ഭൂമി ഉണ്ടല്ലോ. ഒരു വീട് പണിയുവാന്‍ 15 സെന്റ് ഭൂമി ധാരാളം മതിയാകും. ഒരു പരീക്ഷണത്തിന് ഇറങ്ങി തിരിക്കാതെ പഴയ ക്ഷേത്രമിരിക്കുന്ന ഭാഗം ചുറ്റുമതില്‍കെട്ടി വേര്‍തിരിക്കുക. സാമ്പത്തികമായി കഴിവുണ്ടെങ്കില്‍ ആ ക്ഷേത്രത്തിന്റെ ചൈതന്യം മനസ്സിലാക്കി ഒരു ചെറിയ അമ്പലം പുതുക്കി പണിയുന്നതു കുടുംബത്തിന് ഐശ്വര്യപ്രദമായിരിക്കും. മറിച്ചു ക്ഷേത്രം പൊളിച്ചു മാറ്റിയാല്‍ അതിന്റെ ഫലങ്ങള്‍ മറിച്ചായിരിക്കും. ആയതിനാല്‍ ക്ഷേത്രം നിലനിറുത്തിക്കൊണ്ട് വീടു പണിയുന്നതാണ് ഏറ്റവും ഉത്തമം.
ആറുവര്‍ഷം പഴക്കമുള്ള ഒരു വീട് അഞ്ച് സെന്റ് ഉള്‍പ്പെടെ വിലയ്‌ക്കു വാങ്ങി താമസമാക്കി. വീടിന്റെ കന്നിമൂല സിറ്റൗട്ടായും വടക്കുകിഴക്കേ മൂലഭാഗം കാര്‍പോര്‍ച്ചായിട്ടുമാണ് ഇരിക്കുന്നത്. ഇവിടെ താമസമായശേഷം മനസ്സമാധാനമില്ല. എന്തെങ്കിലും പരി ഹാരം നിര്‍ദേശിക്കാമോ?
കുടുംബമായി താമസിക്കുന്ന വീടു വില്‍ക്കേണ്ട അവസ്ഥ വരുന്നതു പല കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് സാമ്പത്തിക ബുദ്ധിമുട്ട്, രണ്ട് ആരോഗ്യപ്രശ്‌നം, മൂന്നു മനസ്സമാധാനമില്ലായ്മ, നാല് പരിസ്ഥിതിപ്രശ്‌നങ്ങള്‍. പഴയ വീടിന്, മുകളില്‍ പറഞ്ഞിട്ടുള്ള പല കാര ണങ്ങളും ഉണ്ടായതുകൊണ്ടാവാം വിറ്റത്. വീടിന്റെ കന്നിമൂല ഭാഗം സിറ്റൗട്ടായി ഉപയോഗിക്കുന്നതു നല്ലതല്ല. അത് കെട്ടിയടച്ച് ഒരു റൂമാക്കി മാറ്റുന്നതാണു നല്ലത്. കൂടാതെ വടക്കുകിഴക്കേ മൂലഭാഗം കാര്‍പോര്‍ച്ചായിട്ടാണ് ഉപയോഗിക്കുന്നത്. ഇവിടെ കാര്‍പോ ര്‍ച്ചിനു പറ്റിയ സ്ഥാനമല്ല. കാര്‍പോര്‍ച്ചിന് നല്ല സ്ഥാനം തെക്കു കിഴക്കും വടക്കുപടിഞ്ഞാറുമാണ്. ആയതിനാല്‍ ഒരു വാസ്തുപ ണ്ഡിതനെ കാണിച്ച് അവശ്യം വേണ്ട മാറ്റങ്ങള്‍ നടത്തുന്നതു നല്ലതായിരിക്കും.
വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ചരിവുള്ള ഭൂമിയാണ്. വടക്കും കിഴക്കും ചെറിയ ചരിവു മാത്രമേയുള്ളു. ശരിക്കു പറഞ്ഞാല്‍ ഒരു മുട്ടയുടെ ആകൃതിയാണ്. വാസ്തുശാസ്ത്രപരമായി ഇവിടെ വീടുവയ്‌ക്കുന്നതില്‍ തെറ്റുണ്ടോ?
നാലു ഭാഗവും താഴ്ന്ന്, മുട്ടയുടെ ആകൃതിയിലുള്ള ഭൂമിയില്‍ വീടു വയ്‌ക്കുന്നത് നല്ലതല്ല. എന്നാല്‍ ഏതെങ്കിലും രണ്ടു ഭാഗം പ്രത്യേകിച്ച് തെക്കും പടിഞ്ഞാറും നിരപ്പാക്കിയശേഷം വടക്കും കിഴക്കും ചരിവുള്ള ഭൂമിയില്‍ വീടു വയ്‌ക്കുന്നതില്‍ തെറ്റില്ല. നാലു വശവും ചരിവുള്ള ഭൂമിയില്‍ ഉയരത്തില്‍ വീടു പണിഞ്ഞാല്‍ ആ ഗൃഹത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഏല്ക്കുവാന്‍ സാദ്ധ്യതയുണ്ട്. ആയതിനാല്‍ ആ ഭൂമി ഒഴിവാക്കുന്നതാണ് നല്ലത്. താമസിക്കുന്ന ഫഌറ്റിന്റെ വടക്കുകിഴക്കേ മൂലയില്‍ ശുചിമുറിയാണ്. കൂടാതെ പ്രധാന രണ്ടു ബെഡ് റൂമുകള്‍, ഒന്നു വടക്കുകിഴക്ക് ഭാഗത്തും രണ്ടാമത്തേത് തെക്കു കിഴക്കു ഭാഗത്തുമാണ്.
ഫ്‌ലാറ്റില്‍ താമസമാക്കിയതിനു ശേഷം യാതൊരു മനസ്സമാധാനവും കിട്ടുന്നില്ല. സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബം വഴക്കിലാണ്. ഇതിനു വാസ്തുശാസ്ത്രസംബന്ധമായി എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാമോ?
ഫ്‌ലാറ്റിനെ സംബന്ധിച്ച് അമ്പതുശതമാനം മാത്രമേ വാസ്തുശാസ്ത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. സാധാരണ തെക്കുഭാഗത്ത് വരുന്ന ബെഡ് റൂമുകള്‍ നല്ലതാണ്. അതുപോലെ വടക്കു പടിഞ്ഞാറു ഭാഗത്ത് വരുന്ന റൂമുകളും നല്ലതാണ്. ഈ ഫ്‌ലാറ്റിനെ സംബന്ധിച്ച് രണ്ടു ബെഡ് റൂമുകളില്‍ ഒന്ന് വടക്കുകിഴക്ക് ഭാഗത്തും രണ്ടാമത്തേത് തെക്കുകിഴക്കു ഭാഗത്തുമാണ്. (ഈശാനകോണും അഗ്നികോണും). ഇത് ദമ്പതിമാര്‍ക്കു സ്ഥിരമായികിടക്കുവാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ആയതിനാല്‍ ഫ്‌ലാറ്റില്‍ വേറെ മുറിയുണ്ടെങ്കില്‍ ആ മുറി ദമ്പതിമാരുടെ കിടപ്പുമുറിയാക്കി മാറ്റുന്നത് ഏറെക്കുറെ സന്തോഷകരമായ ജീവിതം നയിക്കാന്‍ ഇടയാക്കും. വടക്കുകിഴക്കേ ഭാഗത്തുള്ള ശുചിമുറി മാറ്റണം.
കുടുംബസ്വത്തായി കിട്ടിയ പന്ത്രണ്ടു സെന്റ് ഭൂമിയില്‍ വീടുവയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നു. വസ്തുവിന്റെ തെക്കുഭാഗത്തു പഞ്ചായത്തിന്‍ന്റെ വലിയ കുളമുണ്ട്. തെക്കുഭാഗത്തായി പൊതുവഴിയുമുണ്ട്. പണിയാന്‍ പോകുന്ന വീടിന് , കുളത്തിന് അഭിമുഖമായി മുന്‍വശത്ത് വാതില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
കുളം, നദി, തടാകം എന്നിവയ്‌ക്ക് അഭിമുഖമായി പൂമുഖവാതില്‍ കൊടുക്കുന്നതില്‍ അപാകതയുണ്ട്. കുടുംബമായി താമസിക്കാനാണെങ്കില്‍, പണിയുന്ന വീടിന്റെ മുന്‍വശത്തെ വാതില്‍ നേരേ കൊടുക്കരുത്. എന്നാല്‍ ഓപ്പണ്‍ ബാല്‍ക്കണി എന്നിവ ജലത്തിനു നേരേ കൊടുക്കുന്നതില്‍ അപാകതയില്ല. റെസ്‌റ്റോറന്റ്, റെസ്റ്റ് ഹൗസുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ എന്നിവ നദി, കുളം, തടാകം എന്നിവയ്‌ക്കു മുന്‍വശത്തെ വാതില്‍ നേരേ പണിയാവുന്നതാണ്. അവിടെ സ്ഥിരമായി ഒരു കുടുംബം താമസിക്കുന്നില്ല എന്നതാണ് കാരണം.
വാസ്തുപൂജ, വാസ്തുബലി, പഞ്ചശിരസ്സ് സ്ഥാപനം ഇത് ഒരു പുതിയ വീടിനെ സംബന്ധിച്ച് എപ്പോഴൊക്കെയാണു ചെയ്യേണ്ടത്? സാധാരണ ഒരു വീടു പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാവിലെ ഗണപതിഹോമവും വൈകുന്നേരം ലക്ഷ്മീപൂജയും ചെയ്യുന്നതു പതിവാണല്ലോ. എന്നാല്‍ സത്യനാരായണപൂജ ചെയ്യുന്നതു ഗൃഹത്തിന് ഏറ്റവും ഉത്തമമാണെന്ന് പറയുന്നത് ശരിയാണോ?
വീടു വയ്‌ക്കുവാന്‍ തുടങ്ങുന്നതിനുമുമ്പ് ആ ഭൂമിയില്‍ വടക്കുകിഴക്ക് ഭാഗത്തിരുന്നു ഭൂമിപൂജ ചെയ്യണം. വാസ്തുബലി ചെയ്യേണ്ടത് രാത്രിയാണ്. പഞ്ചശിരസ്സ് സ്ഥാപിക്കേണ്ടത് വാസ്തുദോഷ പരിഹാരകര്‍മമായിട്ടാണ്. പൂമുഖവാതിലില്‍ കീഴ്പടിയുടെ അടിഭാഗത്തോ മുകള്‍പ്പടിയുടെ ഉയരെയോ വലത്തേപ്പടിയുടെ വശങ്ങളിലോ ദിക്കുകള്‍ നോക്കി പഞ്ചശിരസ്സ് സ്ഥാപിക്കാവുന്നതാണ്. സ്വര്‍ണം, വെള്ളി, പഞ്ച ലോഹം, ചെമ്പ് എന്നീ ലോഹങ്ങളില്‍ ഒരു ചെപ്പിനുള്ളില്‍ ആനയുടെ തല, പോത്തിന്റെ തല, സിംഹത്തിന്റെ തല, പന്നിയുടെ തല എന്നിവ നാലുദിക്കിലും നടുക്ക് ആമയുടെ തലയും ആയി ഒരു പെട്ടിക്കുള്ളില്‍ സ്ഥാപിച്ചു വേണം വീടിനുള്ളില്‍ വയ്‌ക്കാന്‍. ആനയുടെ തല കിഴക്കായും പോത്തിന്റെ തല തെക്കായും സിംഹത്തിന്റെ തല പടിഞ്ഞാറു ഭാഗത്തും പന്നിയുടെ തല വടക്കും മധ്യഭാഗത്തായി ആമയുടെ തലയും ക്രമമായി സ്ഥാപിക്കണം. വീടു പാലുകാച്ചു കര്‍മം നടത്തുന്നതിനുമുമ്പായി അന്നുരാവിലെ ഗണപതിഹോമം നടത്തണം. പാലുകാച്ചുകര്‍മം നടത്തി വൈകുന്നേരം ലക്ഷ്മീപൂജ ചെയ്യാവുന്നതാണ്. കൂടാതെ ഗൃഹത്തില്‍ സത്യനാരായണ പൂജ ചെയ്താല്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: