ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി രാജ്യം ഏറ്റെടുത്ത് കഴിഞ്ഞെന്ന് കോയമ്പത്തൂര്‍ എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസന് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വികസന രേഖയും വനിതാ മാനിഫെസ്റ്റോയും പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. എല്ലാവര്ക്കും തുല്യനീതിയും, തുല്യവികസനവും നല്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.
ആലപ്പുഴയ്ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രന്. ശോഭയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കാന്‍ ആലപ്പുഴ സന്നദ്ധമായി കഴിഞ്ഞു. രാജ്യത്തിന്റെ വികസനകുതിപ്പില്‍ ആലപ്പുഴയും പങ്കാളിത്തം വഹിക്കണമെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്, അരുണ്‍ അനിരുദ്ധന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് എംപിയുടെ പ്രത്യേക പദ്ധതിയായ ഹീരാബെന്‍ സ്കോളര്‍ഷിപ്പിലൂടെ 25,000 ധനസഹായം നല്‍കുമെന്ന് വനിതാ മാനിഫെസ്റ്റോ ഉറപ്പുനല്‍കുന്നു. ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കായി കേന്ദ്രീയവിദ്യാലയം മോഡല്‍ ഏലീശ്വ വിദ്യാലയം, സ്ത്രീകള്‍ക്ക് പിഎസ്സി, എസ്എസ്സി, യുപിഎസ്സി പരിശീലനകേന്ദ്രം, വിവിധ ഉന്നത കോഴ്സുകളില്‍ പഠിക്കുന്നതിന് പ്രത്യേക സഹായങ്ങള്‍, പിഎം മിത്ര പദ്ധതി പ്രകാരം പതിനായിരം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന വസ്ത്രനിര്‍മ്മാണ യൂണിറ്റ്, റേഷന്‍ ഷോപ്പുകള്‍, പീലിങ് തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു രൂപയുടെ സാനിറ്ററി പാഡുകള്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് തുറക്കും. വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റല്‍ തുടങ്ങും, കോളേജുകളില്‍ ഗേള്‍സ് ഹോസ്റ്റലുകള്‍, സ്ത്രീകള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍, നിയമസേവനവും മാനിസിക പിന്തുണ ഉറപ്പാക്കുന്നതിന് വണ്‍ സ്റ്റോപ്പ് സെന്റര്‍ തുറക്കും, പ്രതിമാസ അദാലത്ത് നടത്തും.
ലോക്സഭാ മണ്ഡലത്തിനായുള്ള സമഗ്രവികസന രേഖയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം. ശാക്തീകരണം, സുരക്ഷിതത്വം, തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുസ്ഥിരത, ആലപ്പുഴയുടെ മുഖച്ഛായ മാറ്റാന്‍ വ്യവസായ, ഫിഷറീസ്, ടൂറിസം, ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങി 44,850 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: