കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസുകളിൽ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷൻ ആണ് ഇര്‍ഷാദിന്റെ ഭാര്യയെന്നും പോലീസ് വെളിപ്പെടുത്തി.
സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ കള്ളനെ പിടിക്കാനായത് പോലീസിന്റെ അഭിമാന നേട്ടമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടർന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തിൽ എത്തിയ ഇയാൾ സമ്പന്നർ താമസിക്കുന്ന പ്രദേശം ഗൂഗിളിൽ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദർ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്‌ക്കും രണ്ടിനുമിടയിലാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്‌ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.
പ്രതിയെ പിടികൂടുന്നതിന് കര്‍ണാടക പോലീസും തങ്ങളെ ഏറെ സഹായിച്ചു. രമണ്‍ ഗുപ്ത ഐപിഎസ് ആണ് കര്‍ണാകയിലെ കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തതെന്നും അന്വേഷണം സംഘം പറയുന്നു. പ്രതി മുംബൈയിലേക്കുള്ള യാത്രയിലായിരിക്കെയാണ് പിടിയിലാകുന്നത്. ആരെങ്കിലും പ്രതിക്ക് നാട് വിടാൻ അടക്കം സഹായം നല്‍കിയോ എന്നതും പോലീസ് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: