സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നതിനാൽ ആശങ്ക പ്രകടിപ്പിച്ച് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാൽ കൂടുതൽ ബോധവത്കരണത്തിന് സജ്ജമാകുകയാണ് അധികൃതർ. 2024-ൽ ഇതുവരെ പുറത്തു വന്ന കണക്കുകൾ പ്രകാരം 26,855 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2023-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75,790 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. അടുത്തിടെയാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന വിപണിയിൽ വർദ്ധിച്ചതെന്ന് എംവിഡി പുറത്തുവിട്ട കണക്കിൽ പറയുന്നു. 2020-ൽ 1,366 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2021-ൽ എത്തിയപ്പോൾ 8,734 വാഹനങ്ങളുടെ രജിസ്ട്രേഷനാണ് നടന്നത്. 2022-ൽ 39,618 വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തു.
വൈദ്യുതി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് മലിനീകരണം തടയാൻ സഹായിക്കുമെന്നിരിക്കെ വൈദ്യുതി പ്രതിസന്ധി വെല്ലുവിളിയാകുകയാണ്. വേനൽക്കാലവും മഴ ലഭ്യതയിലെ കുറവും കെഎസ്ഇബിയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പൊതുവെ രാത്രി കാലങ്ങളിലാണ് വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നത്. എന്നാൽ ഇത് ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിന് കാരണമാകുന്നു.
അമിത ലോഡ് വഹിക്കുന്നതിലൂടെ ഫ്യൂസ് പോകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് കെഎസ്ഇബി പറയുന്നു. 18 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനം 100 ശതമാനം ചാർജ് ആകുന്നതിന് 18 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. ഇനി 24 കിലോവാട്ട് വാഹനമാണെങ്കിൽ 24 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രി 12-ന് ശേഷമോ പകൽ സമയങ്ങളിലോ ആയിരിക്കണമെന്ന് കെഎസ്ഇബി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: