കതിഹാര്‍(ബിഹാര്‍): കാട്ടുഭരണത്തില്‍ നിന്ന് ബിഹാറിനെ മോചിപ്പിച്ചത് മോദിപ്രഭാവമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലാലു-റാബ്‌റി ഭരണത്തില്‍ ബിഹാര്‍ ജംഗിള്‍രാജിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റം വരുത്തി. അദ്ദേഹം കുടുംബാധിപത്യത്തെ തുടച്ചുനീക്കി. ജാതിവാദം ഇല്ലാതാക്കി. പ്രീണനം അവസാനിപ്പിച്ചു. പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തി. എന്നാലിന്ന് ലാലുവിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ത്ത് മോദിക്കെതിരെ മത്സരിക്കുകയാണ്, കതിഹാറിലെ എന്‍ഡിഎ റാലിയില്‍ അമിത് ഷാ പറഞ്ഞു.
ലാലു-കോണ്‍ഗ്രസ് കൂട്ടുകെട്ട് അഴിമതിയുടെയും കുടുംബവാഴ്ചയുടെയും പങ്കുവയ്‌ക്കലാണ്. അവര്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരാണ്. അവരാണ് കാകാ സാഹേബ് കലേല്‍ക്കര്‍ റിപ്പോര്‍ട്ട് മുക്കിയത്. അവരാണ് മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത്, അമിത് ഷാ പറഞ്ഞു. പാവങ്ങള്‍, പിന്നാക്കക്കാര്‍, ഒബിസി വിഭാഗങ്ങള്‍ തുടങ്ങിയവരൊക്കെ ലാലു ഭരണത്തില്‍ അതിക്രമം നേരിട്ടു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ ഇതായിരുന്നു അവസ്ഥ, കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ്, പാക് ഭീകരതകളെ മോദിജി ഇല്ലാതാക്കി. യുപിഎ ഭരിക്കുമ്പോള്‍ പാകിസ്ഥാനില്‍ നിന്ന് ദിവസവും ഭീകരര്‍ ഇവിടേക്ക് വന്ന് സ്‌ഫോടനങ്ങള്‍ നടത്തി സുരക്ഷിതമായി മടങ്ങുമായിരുന്നു. ഉറി, പുല്‍വാമ അക്രമണങ്ങള്‍ക്ക് പത്ത് ദിവസത്തിനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മോദിജി മറുപടി നല്കി. ബിജെപിയാണ് രാജ്യത്തിന് ഒബിസി വിഭാഗത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രിയെ നല്കിയത്. എംപിമാരും മന്ത്രിമാരുമടക്കം 35 ശതമാനവും പിന്നാക്കവിഭാഗത്തില്‍ നിന്നുള്ളവരാണ് എന്‍ഡിഎ ജനപ്രതിനിധികള്‍. പതിനാറ് വിഭാഗങ്ങളെക്കൂടി ഒബിസിയില്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാരാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: