തിരുവനന്തപുരം: പരസ്പരം പോരടിക്കുന്നവര്‍ക്ക് ഒരു കാബിനറ്റിനെ എങ്ങനെ നയിക്കാനാകുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഇന്‍ഡി സഖ്യത്തിന്റ അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിരോധം മാത്രമാണ്. രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലല്ലേ, എന്തുകൊണ്ടാണ് പിണറായി വിജയനെ ജയിലിലടക്കാത്തതെന്നാണ് കേരളത്തിലെത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ജയിലിലടയ്ക്കാത്തതെന്തെന്നാണ് പിണറായി വിജയന് ചോദിക്കുന്നത്. പരസ്പരം കേരളത്തില്‍ പോരടിക്കുകയും കേരളത്തിന് പുറത്ത് ഇവര്‍ ഒരുമിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഹൈസിന്ത് ഹോട്ടലില്‍ സംഘടിപ്പിച്ച, സാമൂഹ്യ മാധ്യങ്ങളിലുള്ളവരുടെയും എഴുത്തുകാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലും 19ലും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വിവിധതരം പ്രചരണങ്ങള്‍ നടത്തി പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ഒരു മുന്നണിയായി രംഗത്തിറങ്ങിയിരിക്കുകയാണ്. 1952ലെ ആദ്യ തെരഞ്ഞെടുപ്പും 77 ലെ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള വിധിയെഴുത്തും പോലെ ചരിത്രപരമായി പ്രധാനപ്പെട്ടതാണ് നരേന്ദ്ര മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പ്. ഇത് കേരളത്തിലെ ജനങ്ങള്‍ വിവേകത്തോടെ വിനിയോഗിക്കണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്ക്കും തിരുവനന്തപുരത്തിന്റെ പുരോഗതിക്കും രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കേരളത്തിന് വികസനവും പുരോഗതിയും തെരഞ്ഞെടുക്കാനുള്ള അവസരമാണ്. കേരളം ഇപ്പോഴും സില്‍വര്‍ലൈന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ദേ ഭാരത് എത്തിച്ചുകഴിഞ്ഞു. പാലക്കാട്ടും തിരുവനന്തപുരത്തുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ അവകാശികള്‍ തങ്ങളാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
ബിജെപി സാമൂഹ്യമാധ്യമവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ സാമൂഹ്യമാധ്യമ വിഭാഗങ്ങളില്‍ സ്വാധീനമുള്ളവരും എഴുത്തുകാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: