ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന കുന്‍വര്‍ സര്‍വേശ് കുമാര്‍ സിങ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 19ന് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലമാണ് മൊറാദാബാദ്.
കുന്‍വര്‍ സര്‍വേശ് സിങ്ങിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം ഞെട്ടിച്ചുവെന്ന് യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു.
ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും വിയോഗം താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ശക്തി നല്കാന് ഭഗവാന് ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു. കഠിനാധ്വാനിയായ നേതാവിനെയും പ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ മരണം മൊറാദാബാദിന് നികത്താനാവാത്ത നഷ്ടമാണെന്നും ഭൂപേന്ദ്ര ചൗധരി കൂട്ടിച്ചേര്‍ത്തു.
മൊറാദാബാദിലെ താക്കൂര്‍ദ്വാര അസംബ്ലി മണ്ഡലത്തില്‍ നിന്ന് കുന്‍വര്‍ സര്‍വേശ് സിങ് അഞ്ച് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ ലോക്സഭയില്‍ എത്തിയെങ്കിലും 2019ല്‍ പരാജയപ്പെടുകയായിരുന്നു. ഭാര്യ: സാധന സിങ്. ബര്ഹപൂര് എംഎല്‍എ കുന്‍വര്‍ സുശാന്ത് സിങ് മകനാണ്. ഒരു മകളുണ്ട്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണമോയെന്ന് ജൂണ്‍ നാലിന് വോട്ടെണ്ണലിനുശേഷം തീരുമാനിക്കുമെന്ന് വരണാധികാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: