ആലപ്പുഴ: പുരപ്പുറത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജന പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ വീടുകളില്‍ സര്‍വേ തുടങ്ങി. പോസ്റ്റോഫീസുകള്‍വഴി നടത്തുന്ന രജിസ്ട്രേഷനു പുറമേ സിഎസ്സി ഡിജിറ്റല്‍ സേവാകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണു വീടുകളിലെത്തി സര്‍വേ നടത്തുന്നത്.
ഡിജിറ്റല്‍ സേവാകേന്ദ്രങ്ങളിലെ വില്ലേജുതല സംരംഭകര്‍ക്കാണു സര്‍വേച്ചുമതല. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കിയിട്ടുണ്ട്. പുരപ്പുറത്ത് സോളാര്‍പ്ലാന്റ് സ്ഥാപിക്കാന്‍ സൗകര്യമുള്ള വീടുകളാണെങ്കില്‍ അപ്പോള്‍ത്തന്നെ സമ്മതംവാങ്ങി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്ന രീതിയിലാണു സര്‍വേ. ഇതു പൂര്‍ത്തിയായാല്‍ വിദഗ്ധര്‍ വീടുകളിലെത്തി സോളാര്‍പാനല്‍ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും.
മുന്‍കാല പദ്ധതികളെ അപേക്ഷിച്ച് സബ്സിഡി കൂടുതലുള്ളതാണ് ആകര്‍ഷകം. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് 30,000 രൂപ, രണ്ടുകിലോ വാട്ടിന് 60,000 രൂപ, മൂന്നുകിലോവാട്ടിന് 78,000 രൂപ എന്നിങ്ങനെയാണു സബ്സിഡി. വീടുകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു നല്കി വരുമാനമുണ്ടാക്കാനും സാധിക്കും. തവണവ്യവസ്ഥയില്‍ സൗരനിലയം സ്ഥാപിക്കാന്‍ വായ്പ ലഭ്യമാക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്കും നേട്ടമാകും.
pmsuryaghar.gov.in എന്ന പോര്‍ട്ടല്‍ വഴി നേരിട്ടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി നല്കുന്ന കമ്പനിയുടെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ വിലാസം എന്നിവ നല്‍കണം.
പോസ്റ്റോഫീസുകളിലോ സിഎസ്സി ഡിജിറ്റല്‍ സേവാകേന്ദ്രങ്ങളിലോ പോകുകയാണെങ്കില്‍ വൈദ്യുതി ബില്ലടച്ച രസീത്, ഒടിപി ലഭ്യമാക്കുന്നതിനു മൊബൈല്‍ ഫോണ്‍ എന്നിവ കരുതണം. വീടുകളില്‍ സര്‍വേക്കു വരുന്നവര്‍ക്കും ഇവ നല്കിയാല് മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: