ചണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് ഡ്രോണ്‍ കണ്ടെടുത്തു. ഇതുപയോഗിച്ച കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും അതിര്‍ത്തി സൈന്യം പിടിച്ചെടുത്തു. ഫിറോസ്പൂരിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഡ്രോണും മയക്കുമരുന്നും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ 5.20തിനാണ് പ്രദേശത്ത് ഡ്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ കൃഷിയിടത്തില്‍ നിന്ന് ഡ്രോണ്‍ കണ്ടെടുത്തു. മയക്കുമരുന്ന് ഇതില്‍ കെട്ടിവച്ച നിലയിലായിരുന്നു. 2.710 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റ് ഹെറോയിനാണ് ഇതിലുണ്ടായിരുന്നത്. കൂടാതെ ഒരു ചെറിയ ടോര്‍ച്ചും പച്ച നിറത്തിലുള്ള ചെറിയ പന്തും ഡ്രോണില്‍ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് സൈന്യം അറിയിച്ചു.
ചൈനീസ് നിര്‍മിത ഡിജെഐ മാട്രിക്സ് 300 ആര്‍ടികെ ഡ്രോണാണ് പിടികൂടിയത്. ഇതിലൂടെ അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ഒരു ശ്രമം കൂടി തടയാന്‍ സാധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: