ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റയ്സി ഈയാഴ്ച പാകിസ്ഥാന് സന്ദര്‍ശിക്കും. ഇസ്രായേലില്‍ ഇറാന് ആക്രമണം നടത്തുകയും ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്..
സന്ദര്‍ശന വേളയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയാകും. മുസ്ലീം രാജ്യങ്ങളെന്ന നിലയില്‍ ഇറാനും പാകിസ്ഥാനും ഇസ്രായേല്‍ വിരുദ്ധ നിലപാടാണുളളത്.
ഇറാന് പ്രസിഡന്റിന്റെ പാകിസ്ഥാന് സന്ദര്‍ശനം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇറാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുളളത്. ഇറാനിലെ ചബഹര്‍ തുറമുഖത്തെ ഇന്ത്യന്‍ താത്പര്യങ്ങളും പാകിസ്ഥാനിലെ ഗദര്‍ തുറമുഖത്തിന് 170 കിലോമീറ്റര്‍ മാത്രം അകലെയാണ് ചബഹര്‍ തുറമുഖമെന്നതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഇസ്രായേലിനെ അനുകൂലിച്ചുളള നിലപാടാണ് പൊതുവെ സ്വീകരിച്ചിട്ടുളളത്.ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നാണ് ഇന്ത്യന്‍ നിലപാട്. ഇസ്രായേലും പാലസ്തീനും ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ജനുവരിയില്‍ ഭീകരരെ നേരിടാനെന്ന പേരില്‍ ഇറാന് അതിര്‍ത്തിയില്‍ കടന്നുകയറി പാകിസ്ഥാന് സൈന്യം ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് തിരിച്ച് ഇറാനും ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരുന്നു.ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുകയും സന്ദര്‍ശന ലക്ഷ്യമാണ്.
സന്ദര്‍ശന വേളയില്‍ പാകിസ്ഥാന് പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സെനറ്റ് ചെയര്‍മാനെയും ദേശീയ അസംബ്ലി സ്പീക്കറെയും റൈസി കാണുമെന്ന് പാകിസ്ഥാന് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഭീകരതയുടെ ഭീഷണി ചെറുക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും.ലാഹോറും കറാച്ചിയും ഉള്‍പ്പെടെയുളള പ്രമുഖ നഗരങ്ങളിലും ഇറാന് പ്രസിഡന്റ് സന്ദര്‍ശനം നടത്തും.
ഏതാനും ദിവസം മുമ്പ് ഇറാന് നടത്തിയ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ടതായി ഇസ്രായേല്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് തിരിച്ചടിക്കരുതെന്നും പൂര്‍ണയുദ്ധത്തിലേക്ക് പോകുന്നത് വലിയ നാശമുണ്ടാക്കുമെന്നും അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇറാന് നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ അറിയിച്ചെങ്കിലും ഇറാന് അത് തളളിക്കളഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: