ശാസ്ത്രീയ സംഗീതത്തെ വിശുദ്ധമായി കാണുകയും, ഔചിത്യബോധത്തോടെ ഉപയോഗിക്കുകയും ചെയ്തയാളായിരുന്നു കഴിഞ്ഞ ദിവസം ഭൗതികദേഹം വെടിഞ്ഞ കെ.ജി. ജയന്. ജീവിതത്തിലുടനീളം സംഗീതോപാസകനായി തുടരുകയും, അതിന്റെ ഉപലബ്ധികള്‍ വായ്പാട്ടിലൂടെയും ലളിതഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും ആസ്വാദകര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗായകനെയും സംഗീതജ്ഞനെയും മലയാളി ഇതിനു മുന്‍പ് കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല.
ഗുരുത്വമാണ് ജയന്റെ കൈമുതലെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഡോ. ബാലമുരളീ കൃഷ്ണയുടേയുമൊക്കെ ശിഷ്യത്വം സ്വീകരിക്കാന്‍ കഴിഞ്ഞത് ജയന്റെ സംഗീതജീവിതത്തെ സമ്പന്നമാക്കി. ഈ ഗുരുക്കന്മാരുടെയൊക്കെ അനുഗ്രഹമുള്ളതുകൊണ്ടാവാം അഹങ്കാരത്തിന്റെ ലവലേശംപോലും ആ സംഗീതജ്ഞനുണ്ടായിരുന്നില്ല. ശുദ്ധമായിരുന്നു ആ സംഗീതം.
കോട്ടയത്തുകാരനായ ജയനെ ഞാന്‍ പരിചയപ്പെടുന്നത് എറണാകുളത്തുവച്ചാണ്. അതിനു കാരണക്കാരന്‍ കവി എസ്. രമേശന് നായരായിരുന്നു. രമേശന് നായര്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം എളമക്കരയിലേക്ക് താമസം മാറ്റിയതാണ് ഇതിന് സാഹചര്യമൊരുക്കിയത്. എളമക്കരയിലെ മാധവ നിവാസില്‍ ജയന് പലപ്പോഴും എന്നെ കാണാന്‍ വന്നിട്ടുണ്ട്. ഒപ്പം രമേശന് നായരുമുണ്ടാവും. ഇരുവരും ചേര്‍ന്നാല്‍ സംഗീതത്തെക്കുറിച്ചാവും ചര്‍ച്ച.
എസ്. രമേശന് നായരുടെ നിരവധി പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് ജയനാണ്. ഇരുവരും ചേര്‍ന്ന് ഒരുക്കിയ കൃഷ്ണ ഭക്തിഗീതങ്ങള്‍ ആസ്വാദ്യമധുരമാണ്. വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഈ കാസെറ്റുകളിലെ പാട്ടുകള്‍ പലതും ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞത് വലിയ ധന്യതയായാണ് ഞാന്‍ കരുതുന്നത്.
കൃഷ്ണഭക്തി കൊണ്ടാവാം ജയന് ബാലഗോകുലവുമായും പിന്നീട് തപസ്യയുമായും ബന്ധപ്പെട്ടു. ഈ സാംസ്കാരിക സംഘടനകളുടെ പരിപാടികളില്‍ ജയന് പങ്കെടുത്തുപോന്നു. കൃഷ്ണഭക്തിയിലാറാടുന്ന ഭക്തിഗാനങ്ങളൊരുക്കിയ ജയന് ജന്മാഷ്ടമി പുരസ്കാരം നല്‍കണമെന്ന അഭിപ്രായം പലരില്‍നിന്നും ഉണ്ടായി. അര്‍ഹിക്കുന്ന അംഗീകാരമായിരിക്കും ഇതെന്ന് എനിക്കും തോന്നി. ജൂറി ഏകകണ്ഠമായി തീരുമാനിച്ചത് ജയന് പുരസ്കാരം നല്‍കണമെന്നായിരുന്നു.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കേരളക്കരയൊന്നാകെ വൃന്ദാവനമായി പുനര്‍ജനിക്കുന്ന വേളയാണല്ലോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. കൃഷ്ണ ദര്‍ശനത്താല്‍ പ്രചോദിതരായ അനുഗൃഹീത സാംസ്കാരിക നായികാനായകന്മാരെയും കലാപ്രതിഭകളെയും സമാദരിക്കുവാന്‍ ബാലസംസ്കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നല്‍കുന്നതാണ് ജന്മാഷ്ടമി പുരസ്കാരം.
ജയന് ജന്മാഷ്ടമി പുരസ്കാരം നല്‍കിയത് എറണാകുളത്തുവച്ചാണ്. എറണാകുളം ടിഡിഎം ഹാളാണ് അതിന് വേദിയായത്. ആ സായാഹ്നം സംഗീതമഴയുടെ ആര്‍ദ്രവും അനുപമവുമായ സഞ്ചാരപഥത്തിലേക്ക് ആസ്വാദക ഹൃദയങ്ങളെ കൂട്ടിക്കൊണ്ടുപോയി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും ജ്ഞാനപ്പാനപോലെ നൂറുകണക്കിനു കൃഷ്ണ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ചെയ്ത പ്രതിഭാരത്നമായ ജയന് ജന്മാഷ്ടമി പുരസ്കാരം നല്‍കിയത് വലിയൊരു സാംസ്കാരികോത്സവമായാണ് കൊണ്ടാടിയത്.
2012 സെപ്തംബറില്‍ നടന്ന പതിനാറാമത് ജന്മാഷ്ടമി പുരസ്കാരച്ചടങ്ങ് ഗാനഗന്ധര്വന് ഡോ.കെ.ജെ. യേശുദാസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയാണ് ഉദ്ഘാടനം ചെയ്തത്. അതുല്യവും അനുഗൃഹീതവുമായ സംഗീതസിദ്ധിയുടെ അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന സംഗീതജ്ഞര്‍ സംഗമിച്ച വേദി കൊച്ചിയുടെ സാംസ്കാരിക ചൈതന്യത്തിനു കൂടുതല്‍ മിഴിവേകി. പ്രൗഢഗംഭീരമായിരുന്നു ആ സദസ്സ്.
ജസ്റ്റിസ് പി. കൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞനും കര്‍ണാടക സംഗീതത്തിലെ അഗ്രഗണ്യനുമായ ഡോ. ബാലമുരളീകൃഷ്ണയുടെ കൈയില്‍നിന്നും ശിഷ്യനായ ജയന് ജന്മാഷ്ടമി പുരസ്കാരം ഏറ്റുവാങ്ങുന്ന അപൂര്‍വ നിമിഷത്തെ ഒപ്പിയെടുത്ത് സമൂഹ സമക്ഷമെത്തിക്കുവാന് കേരളത്തിലെ മുഖ്യധാരാ പത്ര ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികള്‍ സദസ്സില്‍ നിലയുറപ്പിച്ചിരുന്നു. പ്രശസ്തി പത്രം സമര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്.
പ്രശസ്ത ഗായകന് പി. ജയചന്ദ്രന്, വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍, പ്രശസ്ത ചലച്ചിത്ര നടനും ജയന്റെ മകനുമായ മനോജ് കെ.ജയന് എന്നിവര്‍ ആശംസാ പ്രഭാഷണങ്ങള്‍ നടത്തി. സീമാ കല്യാണ്‍ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായ വേദിയില്‍ ജയന് ജന്മാഷ്ടമി പുരസ്കാരം നല്‍കിയതിന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: