തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് കേസ്. മതസംഘടനകള്‍ക്കു പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു.’ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്കു പരാതി നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശശി തരൂരിനു താക്കീത് നല്‍കിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മിഷന്‍ വിലയിരുത്തി.അതേസമയം, പരാമര്‍ശങ്ങള്‍ രാജീവ് ചന്ദ്രശേഖറിനെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല എന്ന തരൂരിന്റെ വാദം തള്ളി.
മലയാളം വാര്‍ത്താ ചാനലായ ന്യൂസ്-24 നടത്തിയ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു.
ശശിതരൂര്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷൻ വിലയിരുത്തി. തന്റെ പരാമർശങ്ങൾ എതിർസ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശിതരൂരിന്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
ശശിതരൂരിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും സാഹചര്യം വച്ച് നോക്കുമ്പോൾ ഇത് എതിർ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാകും. ജാതിയവും മതപരവുമായ വികാരങ്ങളെ ഹനിക്കുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലാത്തതാണ്.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നൽകി.
തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അഭിമുഖത്തിന്റെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഏതെങ്കിലും തരത്തിൽ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിൻവലിക്കണമെന്നും 24 ന്യൂസിന് കമ്മിഷൻ നിർദ്ദേശം നൽകി.
ശശി തരൂര്‍ രേഖാമൂലം നിരുപാധികം ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട്’പോകിമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ക്ഷമാപണം നടത്താത്തതിനെതുടര്‍ന്നാണ് കടുത്ത നിയമ നടപടികളിലേക്ക് നീങ്ങിയത്.
പണം നല്‍കി വോട്ട് തേടിയെന്ന ആരോപണത്തിന് ശശി തരൂര്‍ വ്യക്തമായ മറുപടി നല്‍കിയേ മതിയാകൂ. തിരുവനന്തപുരത്തെ സാമുദായിക സംഘടനാ നേതാക്കളെ മാത്രമല്ല, മണ്ഡലത്തിലെ വോട്ടര്‍മാരെക്കൂടി അപമാനിക്കുകയാണ് തരൂര്‍ ചെയ്തത്. ഇത്തരമൊരു പച്ചക്കള്ളംഉന്നയിക്കുന്നതിനു മുന്നേ തന്നെ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ശശി തരൂര്‍ ഓര്‍ക്കണമായിരുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഞാന്‍ ആര്‍ക്കാണ് പണം നല്‍കി വോട്ട് തേടിയതെന്ന് വിശ്വപൗരനായി സ്വയം വിശേഷിപ്പിക്കുന്ന എംപി ഇനിയെങ്കിലും വ്യക്തമാക്കണം. വിവിധ സാമൂഹിക നേതാക്കളുടെ വിശ്വാസ്യതയെക്കൂടി ബാധിക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യത്തില്‍ ശശി തരൂരിനോട് കാര്യങ്ങള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: