പല തരത്തിലുമുള്ള കുറ്റകൃത്യങ്ങളും തട്ടിപ്പുകളും നിര്‍ബാധം നടക്കുന്ന ഈ കാലഘട്ടത്തില്‍ ജാഗരൂഗരായി കാര്യങ്ങള്‍ മനസ്സിലാക്കി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ തട്ടിപ്പിന് ഇരയാകുന്നവര്‍ കുറച്ചൊന്നുമല്ല. സാക്ഷരതയില്‍ മുന്പില് നില്ക്കുന്ന കേരളം തട്ടിപ്പുനടത്തുന്നവര്‍ക്ക് ഇന്ന് വിളനിലം ആയി മാറിക്കഴിഞ്ഞു. തട്ടിപ്പുകാരും അവര്‍ക്ക് ഇരയാകുന്നവരും ഒരു കാര്യത്തില്‍ സമാന ഉദ്ദേശമുള്ളവരാണ്. എത്രയുംവേഗം പണം സമ്പാദിക്കുക. ഇരകളാകുന്നവരില്‍ ഒരു വിഭാഗം സാമ്പത്തിക വ്യവഹാരങ്ങളില്‍ ശ്രദ്ധകാണിക്കാത്തവരും അറിവില്ലാത്തവരുമാണ്. അവര്‍ തട്ടിപ്പുകാരുടെ കുതന്ത്രങ്ങളില്‍ ആകൃഷ്ടരാവുകയും ധന, മാന നഷ്ടങ്ങള്‍ക്ക് ഇരയാവുകയും ചെയ്യപ്പെടുന്നു. ലോണ്‍ ആപ്പുകള്‍ വഴി കടം എടുക്കുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുക, മാനസികമായി പീഡിപ്പിക്കുക എന്നിവ അപൂര്‍വമല്ലാതെ തുടരുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കുക തുടങ്ങിയ ഒട്ടനവധി സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പുതിയ പുതിയ തട്ടിപ്പ് മാര്‍ഗങ്ങളും, ചതിക്കുഴികളും പ്രാവര്ത്തികമാക്കികൊണ്ടിരിക്കുകയാണ് തട്ടിപ്പ് വിദഗ്ധന്മാര്. അക്കൗണ്ടുകളില്‍ ഇടപാട് നടത്താതെയിരിക്കുന്ന ഉപഭോക്താക്കളെ തേടിപിടിച്ചു് അവരുടെ അക്കൗണ്ടുകള്‍ വാടകക്ക് വാങ്ങി അവയിലൂടെ കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും നടത്തുന്നു. സാമ്പത്തിക സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ നിരന്തരമായി ഉപദേശിക്കാറുണ്ട്. സാമ്പത്തിക ചതിക്കുഴികള്‍ തീര്‍ക്കുന്ന തട്ടിപ്പുകാരുടെ സംഘങ്ങള്‍ വളരുന്നതിന്റെ പ്രധാന കാരണം അവയെ മുളയിലേ നുള്ളികളയാന്‍ സാധിക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്. അതുപോലെ സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളും ജാഗ്രത പാലിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പുകള്‍ ബാങ്കിനെ അറിയിക്കുന്നതിലുള്ള വിലംബിതമായ നിലപാട്,തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കുന്നു. ധനകാര്യ സ്ഥാപനങ്ങളിലെ ചിലരുടെ പങ്കും ആ സ്ഥാപനം വഴി നടക്കുന്ന തട്ടിപ്പുകളില്‍ പ്രകടമാണ്. തട്ടിപ്പുകള്‍ തടയാന്‍ വേണ്ടി ധനകാര്യ സ്ഥാപനങ്ങള്‍ ഇടുന്ന തടയിണകളെ മറികടന്ന് കബളിപ്പിക്കലുകള്‍ നടത്തുന്നു.
സാമ്പത്തിക ഭദ്രത ഉള്ളവരും ഇല്ലാത്തവരും, സാങ്കേതിക സാമ്പത്തിക ഇടപാടുകളില്‍ അറിവുള്ളവരും, ഇല്ലാത്തവരും, തൊഴിലുള്ളവരും ഇല്ലാത്തവരും, സ്ത്രീ പുരുഷ ഭേദമന്യേ പല തരത്തിലുമുള്ള സാമ്പത്തിക കബളിപ്പിക്കലിനും വഞ്ചനക്കും ഇരയായികൊണ്ടിരിക്കുന്നു. ഒരു തവണ കബളിപ്പിക്കലിന് വിധേയരായവര്‍ വീണ്ടും ചതിക്കുഴികളില്‍ വീഴുന്നതും അപൂര്‍വമല്ല. കബളിപ്പിക്കുന്നവന് കുറ്റകൃത്യ വാസനയുള്ളവനും ദുരാഗ്രഹിയുമാണ്. വഞ്ചനയില്‍ വീഴുന്നവരില്‍ ഒരു വിഭാഗക്കാര്‍ ദുരാഗ്രഹം കൊണ്ട് വഞ്ചനയില്‍ വീഴുമ്പോള്‍ മറു വിഭാഗം പണത്തിന്റെ അത്യാവശ്യം കൊണ്ടും, അറിവില്ലായ്മ കൊണ്ടും ചതിക്കുഴികളില്‍ പെട്ടുപോകുന്നു. ഇങ്ങനെയുള്ള സ്ഥിതിവിശേഷം വളരുന്നത് സമ്പദ് ഘടനയില്‍ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണ്, കൂടാതെ അവയുടെ ആരോഗ്യകരമായ പുരോഗതിക്കും.
സാമ്പത്തിക സാക്ഷരത രാജ്യത്തിന്റെ മുക്കിലും മൂലയിലും വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതി വഹിച്ചിട്ടുള്ള പങ്ക് അനന്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതിവിവരകണക്കനുസരിച്ച് മാര്‍ച്ച് 27,2024 വരെ 51.95 കോടി അര്‍ഹതപ്പെട്ടവര്‍ക്ക് സേവിങ്സ് അക്കൗണ്ട് തുറക്കുവാനും, അതുവഴി അവര്‍ക്ക് 232.50 കോടി രൂപ സാമ്പാദിക്കുവാനും കഴിഞ്ഞു. ഈ അക്കൗണ്ടുകള്‍ വഴി 35.35 കോടി അര്‍ഹതപ്പെട്ടവര്‍ക്ക് റുപ്പേ കാര്‍ഡ് കൊടുക്കുവാനും സാധിച്ചു. തല്‍ഫലമായി റുപ്പേ കാര്‍ഡിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും അവര്‍ അര്‍ഹരായി. ഈ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് നാടിന്റെ സാമ്പത്തിക സാമൂഹ്യ വികസനത്തില്‍ പങ്കാളികള്‍ ആകാന്‍ മാത്രമല്ല അവസരം ലഭിച്ചത്, മറിച്ചു അവര്‍ സാമ്പത്തിക സാക്ഷരതയില്‍ മികവ് നേടുകയും ചെയ്യ്തു. 11.59 ലക്ഷം ബാങ്ക് മിത്രാസ്കളും പിഎംജെഡി യോജന നടപ്പാക്കുന്നതില്‍ സ്തുത്ത്യര്ഹമായ സേവനം നടത്തിവരികയാണ്.
സാമ്പത്തിക സാക്ഷരത വ്യാപകമായി പുരോഗമിപ്പിക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്തുടനീളം തുടരുന്നു. ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍സ്, ബാങ്കുകള്‍, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി എന്നിവ പല മീഡിയവഴിയും സാമ്പത്തിക സാക്ഷരതക്ക് ആക്കം കൂട്ടുന്നു. കൂടാതെ പത്ത് ഇന്ത്യന്‍ ഭാഷകളില്‍ ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്കരുതലെന്നനിലക്ക് സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി, സാമ്പത്തിക സേവനങ്ങള്‍ നല്കുന്ന എല്ലാ സ്ഥാപനങ്ങളും, അതുപോലെ അവയെ നിയന്ത്രിക്കുന്ന റെഗുലേറ്റഴ്സും, തങ്ങളുടെ ഉപഭോക്താക്കളെ അവസരോചിതമായി ഉല്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡും, റിസേര്‍വ് ബാങ്കും, ഫിനാന്‍ഷ്യല്‍ മേഖലയിലെ നിക്ഷേപകര്ക്കുവേണ്ടിയും, ബാങ്കിലെ ഡെപ്പോസിറ്റര്ക്കുവേണ്ടിയും ബോധവത്കരണ പരിപാടികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍വേണ്ടി പ്രത്യേക ഫണ്ടുകള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാലും ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ അല്ലാതെയോ ഉള്ള സാമ്പത്തിക കബളിപ്പിക്കല്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്നില്ല. സമൂഹത്തില്‍ അഴിമതിയും, അരാജകതയും, നിലനില്‍ക്കുന്നിടത്തോളം വഞ്ചനകളും, കബളിപ്പിക്കലും തുടരും.
സഹകരണ മേഖലയില്‍, പ്രത്യേകിച്ച് സഹകരണ ബാങ്കുകളില്‍ നടക്കുന്ന ലോണ്‍ തട്ടിപ്പുകളില്‍ ബാങ്കുകള്‍ ഭരിക്കുന്ന ബോര്‍ഡിനും, മാനേജ്മെന്റിനും ഉള്ള വലിയ പങ്കുകള്‍ ഓരോന്നായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തികൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളെ കള്ളപ്പണം വെളിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. പ്രാഥമികമായിട്ടുള്ള ബാങ്കിംഗ് വ്യവസ്ഥകളെപോലും കാറ്റില്‍ പറത്തി ലോണ്‍ കൊടുക്കുകയും പിന്നീട് അത് ബാങ്കിന്റെ കിട്ടാക്കടമായും മാറുന്ന കാഴ്ചയാണ് കാണുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നിക്ഷേപിച്ച മുതലും പലിശയും അവരുടെ ആവശ്യങ്ങള്‍ക്ക് ലഭ്യമാകുന്നില്ലായെന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിലവില്‍ നിക്ഷേപകര്‍ക്ക് സഹകരണ ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് നല്ല രീതിയില്‍ നടക്കുന്ന മറ്റ് സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുന്നു.
അന്വേഷണ ഏജന്‍സികള്‍ എത്രയും വേഗം തട്ടിപ്പു നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും നിയമാനുസൃതമായുള്ള ശിക്ഷക്ക് വിധേയരാക്കേണ്ടത് സഹകരണ പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച് സഹകരണ ബാങ്കുകളുടെ സുഗമമായ നിലനില്‍പ്പിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമാണത്. ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച് അവരെ ബാങ്കുകളുടെ ഭാഗഭാഗാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. നിയമങ്ങള്‍ പഴുതില്ലാതെ, കര്‍ക്കശ്ശമായി, മുഖം നോക്കാതെ നടപ്പിലാക്കിയെങ്കില്‍ മാത്രമേ സാമ്പത്തിക കബളിപ്പുകള്ക്ക് അറുതിവരു. കേന്ദ്ര സര്‍ക്കാരിന്റെ മുന്നോട്ടുള്ള തുടര്‍ച്ച, ശക്തമായ സമ്പദ് ഘടന വളര്‍ത്താന്‍ കൂടിയേ തീരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: